ട്രംപ് അപകടകാരിയായ പ്രസിഡന്‍റ്; പുറത്താക്കേണ്ടത് അനിവാര്യം -നാൻസി പെലോസി
text_fieldsവാഷിങ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കേണ്ടത് അനിവാര്യമാണെന്ന് യു.എസ്. ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി. അമേരിക്കൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ വേണ്ടി നമ്മൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പെലോസി ആവശ്യപ്പെട്ടു.
അമേരിക്കൻ ഭരണഘടനക്കും ജനാധിപത്യത്തിനും പ്രസിഡന്‍റ് ട്രംപ് വലിയ ഭീഷണിയാണ്. പ്രസിഡന്‍റ് ട്രംപ് നടത്തിയ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ ഭീകരത ദിവസങ്ങൾ കഴിയുന്തോറും രൂക്ഷമാവുന്നു. അതിനാൽ അടിയന്തര നടപടി ആവശ്യമാണെന്നും പലോസി ചൂണ്ടിക്കാട്ടി.
ഭ്രാന്തുപിടിച്ച, ബുദ്ധിസ്ഥിരതയില്ലാത്ത അപകടകാരിയായ പ്രസിഡന്‍റാണ് ട്രംപ്. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ അർഹതയില്ലാത്ത ട്രംപിനെ അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം നീക്കണമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനോട് പെലോസി ആവശ്യപ്പെട്ടു.
കലാപത്തിന് ആഹ്വാനം ചെയ്ത ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം പുറത്താക്കണമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. വൈസ് പ്രസിഡന്‍റ് ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കും.
അതേസമയം, ജോ ബൈഡൻ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം 100 ദിവസം കഴിഞ്ഞ് ട്രംപിനെതിരായ പ്രമേയം സെനറ്റിൽ അവതരിപ്പിച്ചാൽ മതിയെന്ന ആലോചനയും ഉണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.