ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കും
text_fieldsവാഷിങ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുക്കും. ജനുവരി 20ന് നടക്കുന്ന ചടങ്ങിലേക്ക് ഇതുവരെ പെൻസിന് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, പെൻസ് പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അധികാരകൈമാറ്റ ചടങ്ങിൽ വൈസ് പ്രസിഡന്റ് പങ്കെടുക്കുന്നത് വലിയ ആദരമാണെന്നും ബൈഡൻ പറഞ്ഞു.
ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അതേസമയം, ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്കാണ് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാസംഘത്തെ മറികടന്ന് ഇരച്ചു കയറിയത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.