കാണാതായ ചൈനീസ് ടെന്നീസ് താരം ഒടുവിൽ ബെയ്ജിങിൽ പ്രത്യക്ഷപ്പെട്ടു
text_fieldsചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന് ശേഷം അപ്രത്യക്ഷയായ പ്രശസ്ത ടെന്നിസ് താരം ഒടുവിൽ ബെയ്ജിങിൽ പ്രത്യക്ഷപ്പെട്ടു.
ചൈനീസ് സ്‌പോർട്‌സ് താരം പെങ് ഷുവായ് ബെയ്ജിംഗിൽ തന്‍റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന പുതിയ ചിത്രം ചൈനീസ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. പെങ് ഷുവായുടെ തിരോധാനം വൻ മാധ്യമ ശ്രദ്ധയും അന്താരാഷ്ട്ര ശ്രദ്ധയും നേടിയിരുന്നു. ആശങ്കകൾക്കിടെയാണ് ചിത്രം പുറത്തുവന്നത്. ബെയ്ജിങിൽ ഞായറാഴ്ച പുലർച്ചെ നടന്ന ടീനേജർ ടെന്നിസ് മാച്ച് ഫൈനലിന്‍റെ ഓപണിങ് സെറിമണിയിൽ അവർ പങ്കെടുക്കുന്ന വീഡിയോയും ഔദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. ഈ മാസം ആദ്യമാണ് ചൈനയിലെ ടെന്നീസ് താരമായ പെങ് ഷുവായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.
ഇതിനുശേഷം പെങ് ഷുയിയെ പുറം ലോകം കണ്ടിട്ടില്ല. അവരുടെ സുരക്ഷയെ സംബന്ധിച്ചും എവിടെയാണെന്നതു സംബന്ധിച്ചും വലിയ ആശങ്കകളാണ് ടെന്നീസ് ലോകം പങ്കുവച്ചിരുന്നത്. വിമെന്‍സ് ടെന്നീസ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്റ്റീവ് സിമോണ്‍, പെങ്ങിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പെങ്ങിന്റെ ആരോപണം പുറത്തുവന്നതിനുശേഷം അവരെക്കുറിച്ചോര്‍ത്ത് അതിയായ ആശങ്കകളുണ്ടായിരുന്നതായി സ്റ്റീവ് പറഞ്ഞു. ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഷുയി ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്.
ഗവോലിക്കുള്ള കത്തിന്‍റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ അവർ ആരോപിച്ചു. എന്നാല്‍, ഷുയിയുടെ ആരോപണം പുറത്തുവന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി. അതേസമയം, പെങ് സിമോണിന് അയച്ചുവെന്ന് പറയപ്പെടുന്ന ഇ-മെയിലിന്‍റെ സ്‌ക്രീന്‍ ഷോട്ട് ചൈനീസ് മാധ്യമമായ സി.ജി.ടി.എന്‍ പ്രസിദ്ധീകരിച്ചു.
തന്‍റെ പേരില്‍ പുറത്തുവന്ന ലൈംഗിക ആരോപണം സത്യമല്ലെന്നും താന്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും എല്ലാക്കാര്യങ്ങളും നന്നായി പോകുന്നുവെന്നും ഇ-മെയിലില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇ-മെയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടില്‍ കര്‍സര്‍ കാണുന്നുണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇ-മെയില്‍ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് സിമോണും വ്യക്തമാക്കി.
കാണാതായ ടെന്നിസ് താരം പെങ് ഷുവായി സുരക്ഷിതയെന്നതിന് ചൈനയോട് തെളിവുകൾ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യു.എസും രംഗത്തു വന്നിരുന്നു. തിരോധാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം.പെങ് സുരക്ഷിതയാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ചൈനക്ക് ബാധ്യതയുണ്ട്-യു.എൻ മനുഷ്യാവകാശ ഓഫിസ് വക്താവ് ലിസ് ത്രോസെസൽ പറഞ്ഞു. പെങ് ഉന്നയിച്ച ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ടെന്നിസ് താരത്തിനു പിന്തുണയുമായി വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. താരം സുരക്ഷിതയാണ് എന്നു കാണിക്കുന്ന വ്യക്തമായ തെളിവുകളാണ് യു.എസ് സർക്കാർ ആവശ്യപ്പെട്ടത്. ഇവർ എവിടെയാണെന്നു വ്യക്തമാക്കണമെന്നും ചൈനയോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.