128 വർഷത്തിന് ശേഷം 'സ്റ്റോൺമാൻ വില്ലി' മമ്മിയെ ഇന്ന് സംസ്കരിക്കും
text_fields128 വർഷമായി പെൻസിൽവാനിയയിലെ ഫ്യൂണറൽ ഹോമിൽ പ്രദർശിപ്പിച്ച 'സ്റ്റോൺമാൻ വില്ലി' എന്നറിയപ്പെടുന്ന മമ്മി ഇന്ന് സംസ്കരിക്കും. മദ്യപാനിയും പോക്കറ്റടിക്കാരനുമായ ഒരാളാണിത്. 1895 -ൽ റീഡിംഗ് ജയിലിൽ വച്ച് കിഡ്നി തകരാറു മൂലം മരിച്ച തടവുകാരനാണ് സ്റ്റോൺമാൻ വില്ലി. അയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ജെയിംസ് പെൻ എന്ന കള്ളപ്പേരാണ് അയാൾ ജയിലിൽ നൽകിയിരുന്നത്.
മരണശേഷം ഇയാളുടെ കുടുംബത്തെ കണ്ടെത്താൻ അധികൃതർ ഒരുപാട് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് പ്രദേശത്തെ 'റീഡിംഗ് ഫ്യൂണറൽ ഹോം' എന്ന സ്ഥാപനം ഇയാളുടെ മൃതദേഹം സൂക്ഷിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിച്ചു. മൃതദേഹം വിട്ടുകിട്ടിയ ശേഷം സ്ഥാപനം ഉടമ തിയോഡർ ഓമൻ പരീക്ഷണാർത്ഥം അത് എംബാം ചെയ്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പരീക്ഷണം വിജയിച്ചതോടെ മൃതദേഹം 'സ്റ്റോൺമാൻ വില്ലി' എന്ന മമ്മിയായി. ഫ്യൂണറൽ ഹോമിൽ സ്റ്റോൺമാൻ വില്ലിയുടെ മമ്മി സെലിബ്രിറ്റിയായിരുന്നു. നിരവധിപേരാണ് ഈ മമ്മി കാണാൻ വേണ്ടി മാത്രം ഈ ഫ്യൂണറൽ ഹോം സന്ദർശിച്ചത്.
128 വർഷത്തെ പ്രദർശനത്തിന് ശേഷം സ്റ്റോൺമാൻ വില്ലിയെ അടക്കം ചെയ്യപ്പെടാൻ പോവുകയാണ്. ഇന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി അടുത്തുള്ള ഫോറസ്റ്റ് ഹിൽസ് മെമ്മോറിയൽ പാർക്കിലേക്ക് കൊണ്ടുപോകും. അതിന് മുമ്പ് അന്തിമ ചടങ്ങുകൾ നടത്തും.നിലവിൽ അയാളുടെ യഥാർത്ഥ പേരും മറ്റ് വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം സംസ്കരിച്ച ശേഷം അത് വെളിപ്പെടുത്തും. മദ്യപാനിയും പോക്കറ്റടിക്കാരനുമായ താൻ കാരണം വീട്ടുകാർക്ക് അപമാനമുണ്ടാവാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം താൻ ആരാണ് എന്ന വിവരം മരണക്കിടക്കയിൽ പോലും വെളിപ്പെടുത്താതിരുന്നതെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.