ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധമൊഴിവാക്കാൻ യു.എസിന്റെ തീവ്രശ്രമം; പ്രശ്നപരിഹാരത്തിന് ചർച്ചകൾ സജീവം
text_fieldsവാഷിങ്ടൺ: ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധമൊഴിവാക്കാൻ യു.എസിന്റെ തീവ്രശ്രമം. പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കണമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റുമായുള്ള കൂടിക്കാഴ്ചയിലാണ് ഓസ്റ്റിൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഹിസ്ബുല്ല നിരന്തരമായി മേഖലയിൽ പ്രകോപനം തുടരുകയാണെന്നും പൂർണ്ണ രീതിയിലുള്ള യുദ്ധം വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നും ഓസ്റ്റിൻ പറഞ്ഞു. യുദ്ധം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രമാണ്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ഇക്കാര്യത്തിൽ ഉടൻ കരാറുണ്ടാക്കണം. അതിർത്തികളിലെ ജനങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് പോകാനുള്ള സാഹചര്യമുണ്ടാകണമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ലെബനാനെതിരെ യുദ്ധം തുടങ്ങുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഓസ്റ്റിനുമായി ചേർന്ന് നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഉടലെടുത്ത സംഘർഷസാധ്യതക്ക് ഹിസ്ബുല്ല മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.
ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം തുടങ്ങിയതിന് ശേഷം ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും തമ്മിൽ നിരന്തരമായി വെടിവെപ്പ് നടന്നിരുന്നു. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഹിസ്ബുല്ലയുമായുള്ള യുദ്ധം ഇസ്രായേലിന് കനത്ത നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.