പ്രസവ ബ്ലോക്കിലും കയറി നിരങ്ങി ഇസ്രായേൽ സേന: നാസർ ആശുപത്രിയിൽ രോഗികളെ പുറത്താക്കി കൂട്ടക്കൊല
text_fieldsഗസ്സ: തെക്കൻ ഗസ്സയിലെ പ്രധാന ആതുരാലയമായ ഖാൻ യൂനിസ് നാസർ ആശുപത്രിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ അഴിഞ്ഞാട്ടം. ഇന്ന് പുലർച്ചെ ടാങ്കുകളും തോക്കുകളും വെടിക്കോപ്പുകളുമായി ആശുപത്രിയുടെ ഭിത്തി തകർത്ത് അകത്ത് കയറിയ സൈനികർ കണ്ണിൽ കണ്ടവരെ വെടിവെച്ചുകൊന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ആശുപത്രിയിൽ അഭയം പ്രാപിച്ചവരെയും തോക്കിൻമുനയിൽ നിർത്തി കൂട്ടത്തോടെ ആശുപത്രിയിൽനിന്ന് തെരുവിലേക്ക് ഇറക്കിവിട്ടു. ഒരു സമയം ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയാണ് രോഗികളും സ്ത്രീകളെയും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളെ തള്ളിപ്പുറത്താക്കിയത്. പുറത്തിറങ്ങിയവരെ ഇസ്രായേൽ യുദ്ധ ഡ്രോണുകൾ പിന്തുടർന്ന് വെടിവെച്ചിട്ടതായും ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
നിരവധി പേരെ സൈന്യം പിടിച്ചുകൊണ്ടുപോകുന്നുണ്ട്. ആശുപത്രി മുറ്റത്തും ഇടനാഴികളിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിലെ പ്രസവ ബ്ലോക്കിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോമ്പൗണ്ടിനുള്ളിലെ രണ്ട് ആംബുലൻസുകളും ഇവർ തകർത്തതായി മന്ത്രാലയം വ്യക്തമാക്കി. തെക്കുഭാഗത്തെ മതിൽ തകർത്ത് ആശുപത്രിയിലേക്ക് ഇരച്ചുകയറിയ സൈന്യം ആംബുലൻസുകളും ആശുപത്രിക്ക് പുറത്ത് അഭയാർഥികൾ കഴിഞ്ഞിരുന്ന തമ്പുകളും തകർത്തു. വെന്റിലേറ്ററിലുള്ള ആറ് രോഗികളടക്കമുള്ളവരെ ആശുപത്രി കോമ്പൗണ്ടിന്റെ ഒരുഭാഗത്തേക്ക് മാറ്റിയതായി മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.
മുന്നൂറോളം ആരോഗ്യ ജീവനക്കാർ, 450 രോഗികൾ എന്നിവരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. 10,000ത്തിലേറെ അഭയാർഥികളും ആശുപത്രിയിലും പരിസരത്തുമായി ഉണ്ടായിരുന്നു.
നേരത്തെ അൽശിഫ ഹോസ്പിറ്റലും അൽ റൻതീസി ഹോസ്പിറ്റലും അൽ അമൽ ഹോസ്പിറ്റലും ആക്രമിക്കുമ്പോൾ പറഞ്ഞ അതേ വ്യാജ ആരോപണമാണ് ഇത്തവണ നാസർ ആശുപത്രി ആക്രമിക്കുമ്പോഴും ഇസ്രായേൽ പറയുന്നത്. ബന്ദികളെ ഹമാസ് ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. എന്നാൽ, ഇതിനുള്ള തെളിവ് ഇതുവരെ ഹാജരാക്കിയിട്ടില്ല. തെളിവുകളില്ലാത്ത ഇസ്രായേൽ ആരോപണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത് മാത്രമാണിത്. അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണ് ഗസ്സയിലെ ആശുപത്രികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ.
‘തെക്കൻ ഗസ്സയിലെ ആരോഗ്യ സംവിധാനത്തിൻ്റെ നട്ടെല്ല്’ എന്നാണ് നാസർ ഹോസ്പിറ്റലിനെ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. ഇവിടെനിന്നുള്ള ഇപ്പോഴത്തെ റിപ്പോർട്ടുകളിൽ താൻ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ നിലവിൽ പൂർണ്ണ സൗകര്യത്തോടെ ഒരാശുപത്രി പോലും പ്രവർത്തിക്കുന്നില്ല. പ്രദേശത്തുടനീളമുള്ള 36ൽ 13 എണ്ണം മാത്രമേ കുറച്ച് ശേഷിയിൽ പ്രവർത്തിക്കുന്നുള്ളൂ.
28,576 ഫലസ്തീനികളാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത്. 68,291 പേർക്ക് പരിക്കേറ്റു. തെക്കൻ ഗസ്സയിലെ റഫയിൽ വ്യാഴാഴ്ചയും വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.