പ്രതിരോധമന്ത്രിയെ പുറത്താക്കൽ: ഇസ്രായേലിൽ പാളയത്തിൽ പട; ‘നെതന്യാഹു രാജ്യദ്രോഹി’ -പ്രതിഷേധിച്ച് ജനം തെരുവിൽ
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ അപ്രതീക്ഷിതമായി പുറത്താക്കിയ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നടപടിക്കെതിരെ ഇസ്രായേലിൽ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച ഇസ്രായേലിലുടനീളം ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. തെൽ അവീവ്, ജറുസലേം, ഹൈഫ സിസേറിയ അടക്കം ഇസ്രായേലിലുടനീളം വലിയ ജനക്കൂട്ടം തടിച്ചുകൂടി. നെതന്യാഹുവിനെ രാജ്യദ്രോഹിയെന്ന് വിളിച്ചായിരുന്നു പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്. ജനങ്ങലോട് തെരുവിലിറിങ്ങാൻ ആവശ്യപ്പെട്ട് വ്യാപക ആഹ്വനം നടക്കുകയാണ്. ബന്ദികളുടെ കുടുംബാംഗങ്ങളും നെതന്യാഹുവിനെതിരെ രംഗത്തുവന്നു.
നെതന്യാഹുവിന്‍റെ തീരുമാനത്തെ പ്രതിപക്ഷവും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അപലപിച്ചു. രാജ്യത്തിന്‍റെ സുരക്ഷ വിലനിൽകി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ ജനം പ്രതിഷേധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഭ്രാന്തൻ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് സമൂഹമാധ്യമത്തിൽ കുറിച്ചു. രാഷ്ട്രീയ അതിജീവനത്തിനായി നെതന്യാഹു ഇസ്രായേലിന്‍റെ സുരക്ഷയെയും സൈനികരെയും വിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാലന്‍റിനെ നെതന്യാഹു പുറത്താക്കുന്നത് രണ്ടാം തവണ
ഇത് ആദ്യമായല്ല ഗാലന്‍റിനെ നെതന്യാഹു പുറത്താക്കുന്നത്. 2023 മാർച്ചിൽ ഗാലന്‍റിനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജനകീയ പ്രതിഷേധം കനത്തതോടെ തീരുമാനം മാറ്റുകയും രണ്ടാഴ്ചക്ക് ശേഷം ഗാലന്‍റിനെ തിരിച്ചെടുക്കുകയുമായിരുന്നു.
‘ഇസ്രായേലിന്‍റെ സുരക്ഷ എന്‍റെ ജീവിത ദൗത്യമാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും’ എന്നാണ് പുറത്താക്കിയതിനെക്കുറിച്ച് ഗാലന്‍റ് ഇന്ന് എക്സിൽ കുറിച്ചത്. കഴിഞ്ഞ വർഷം നെതന്യാഹു പുറത്താക്കിയപ്പോഴും ഇതേ പ്രതികരണം തന്നെയാണ് ഗാലന്‍റ് നടത്തിയിരുന്നത്.
ഇന്നലെയാണ് നെതന്യാഹു അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ യോവ് ഗാലന്റിനെ പുറത്താക്കിയത്. മാസങ്ങളായി വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കുകയാണെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സിനാണ് പകരം ചുമതല നൽകിയത്. വിദേശകാര്യ ചുമതലയിൽ ഗിഡിയോൺ സാറിനെയും നിയമിച്ചു.
ഗസ്സയിൽ നെതന്യാഹു സ്വപ്നം കാണുന്ന സമ്പൂർണ വിജയം വിഡ്ഢിത്തമാണെന്ന് അടച്ചിട്ട പാർലമെന്റ് യോഗത്തിൽ ഗാലന്റ് അഭിപ്രായപ്പെട്ടത് പുറത്തായിരുന്നു. കഴിഞ്ഞ വർഷം നെതന്യാഹു നടപ്പാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ നടപടിയെ ആദ്യം എതിർത്തത് ഗാലന്റാണ്. യാഥാസ്ഥിതിക ജൂത വിഭാഗങ്ങൾക്ക് സൈനിക സേവനത്തിലെ ഇളവ് എടുത്തുകളയണമെന്ന ആവശ്യവും ഗാലന്റ് ഉയർത്തിയിരുന്നു. ഭരണത്തിൽ തീവ്രനിലപാടുകാരെ നിലനിർത്തിയും അല്ലാത്തവരെ പറഞ്ഞുവിട്ടും നിയന്ത്രണം കൂടുതൽ ഭദ്രമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.