ജനങ്ങൾ ഒറ്റക്കെട്ടാകണം -ഗോടബയ രാജപക്സ
text_fieldsകൊളംബോ: സാമൂഹിക-സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ അഭ്യർഥിച്ചു. മുഖ്യപ്രതിപക്ഷമായ എസ്.ജെ.ബി പാർട്ടിയുമായി പ്രസിഡന്റ് ബുധനാഴ്ചയും ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞയാഴ്ച രാജപക്സ കുടുംബത്തിന്റെ തറവാട് വീടിന് സമരക്കാർ തീയിട്ടതിനെ തുടർന്നാണ് രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടത്. ഭരണാനുകൂലികളും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 250ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഭരണകക്ഷിയുടെ നിരവധി ആസ്തികൾ നശിപ്പിക്കപ്പെട്ടു.
ശ്രീലങ്കയിലെ സാഹചര്യങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും സംഭവങ്ങളെപ്പറ്റി വിശദ അന്വേഷണം നടത്തണമെന്നും യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷെലെറ്റ് പറഞ്ഞു.
മഹിന്ദ രാജപക്സയുടെ ഔദ്യോഗിക വസതിയിൽ നടന്ന അക്രമങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ മുഖ്യ സെക്യൂരിറ്റി ഓഫിസറിൽ നിന്ന് ശ്രീലങ്കൻ പൊലീസ് ബുധനാഴ്ച മൊഴിയെടുത്തു. പൊലീസ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. അതിനിടെ, ശ്രീലങ്കക്ക് വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക തല ചർച്ചകൾ തുടരുമെന്ന് അന്താരാഷ്ട്ര നാണ്യനിധി അറിയിച്ചു. 1948ൽ ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യംനേടിയശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിയുടെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. ജീവിതം ദുരിതമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒമ്പതു മുതലാണ് ജനങ്ങൾ സർക്കാറിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.