പെറൂസീറ്റസ് തിമിംഗലം: കണ്ടെത്തിയത് ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസിലെന്ന് ഗവേഷകർ
text_fieldsപെറു: തെക്കൻ പെറുവിലെ തീരദേശ മരുഭൂമിയിൽ നിന്ന് ഖനനം ചെയ്തെടുത്ത തിമിംഗല ഫോസിൽ ഭൂമിയിലെ എക്കാലത്തെയും ഏറ്റവും വലിയ ജീവിയുടേതാകാമെന്ന് ഗവേഷകർ. ‘പെറൂസീറ്റസ്’ എന്ന് പേരിട്ട തിമിംഗലത്തിന്റെ ഭാഗിക അസ്ഥികൂടമാണ് ഇതുവരെ കണ്ടെത്തിയത്.
ഏകദേശം 38-40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇയോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ തിമിംഗലത്തിന് 340 മെട്രിക് ടൺ വരെ ഭാരം കണക്കാക്കുന്നതായി ശാസ്ത്രജ്ഞർ പറഞ്ഞു. 66 അടി (20 മീറ്റർ) നീളമാണ് ഇതിനുണ്ടാവുക. 330,000 പൗണ്ട് തൂക്കമുള്ള നീലത്തിമിംഗലമാണ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഭാരമേറിയ തിമിംഗലം. നീലത്തിമിംഗലവും വലിയ ദിനോസറുകളും ഉൾപ്പെടെയുള്ള ജീവികളേക്കാൾ ഭാരം പെറൂസീറ്റസിനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
തിമിംഗല ഫോസിലുകൾ കൊണ്ട് സമ്പന്നമായ പെറുവിലെ തീരദേശ മരുഭൂമിയിൽ നിന്ന് 3 കശേരുക്കളും നാല് വാരിയെല്ലുകളും ഇടുപ്പിന്റെ ഒരു ഭാഗവുമാണ് കുഴിച്ചെടുത്തത്. വൻ ഭാരമുള്ളതിനാൽ ഓരോ വർഷവും ഒന്നോ രണ്ടോ എണ്ണം മാത്രമേ ഖനനം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. അതിന്റെ അസ്ഥികൂടം മാത്രം 5 മുതൽ 8 ടൺ വരെ ഭാരമുണ്ടായിരുന്നു. നിലവിലെ നീലത്തിമിംഗലത്തിന്റെ ഇരട്ടിയാണത്.
തലയോട്ടിയുടെയോ പല്ലിന്റെയോ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതിനാൽ ഭക്ഷണക്രമവും ജീവിതശൈലിയും എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല. നീലത്തിമിംഗലം ഉൾപ്പെടെയുള്ള ഇന്നത്തെ ബലീൻ തിമിംഗലങ്ങളെപ്പോലെ പെറൂസീറ്റസ് ഒരു ഫിൽട്ടർ-ഫീഡറായിരിക്കാൻ സാധ്യതയില്ലെന്ന് ഗവേഷകർ പറഞ്ഞു. ഫിൽട്ടർ ഫീഡറുകൾ വെള്ളത്തിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്ന ജീവികളാണ്. അരയന്നങ്ങൾ പോലുള്ള ചില പക്ഷികളും ഫിൽട്ടർ ഫീഡറാണ്. ഇവ വെള്ളം വൃത്തിയാക്കാൻ സഹായിക്കുന്നു.
ഏകദേശം 95 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അർജന്റീനയിൽ ജീവിച്ചിരുന്ന അർജന്റീനോസോറസ് എന്ന നീണ്ട കഴുത്തുള്ള, നാല് കാലുകളുള്ള സസ്യഭുക്കായ ദിനോസറിന്റെ അവശിഷ്ടങ്ങൾ മേയ് മാസത്തിൽ കണ്ടെത്തിയിരുന്നു. ഏകദേശം 76 ടണ്ണായിരുന്നു ഭാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.