ഇന്ത്യയിൽ ജനനം, അട്ടിമറിയിലൂടെ പാക് ഭരണാധികാരി, കാർഗിൽ യുദ്ധം; ഇന്ത്യക്ക് എളുപ്പം മറക്കാനാകാത്ത മുശർറഫ്
text_fieldsഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് പാക് മുൻ പ്രസിഡന്‍റ് പർവേസ് മുശർറഫിന്‍റേത്. 1999ലെ വിഖ്യാതമായ കാർഗിൽ യുദ്ധകാലത്ത് പാക് സൈനികമേധാവിയായിരുന്നു മുശർറഫ്. ഒരു വശത്ത് സമാധാനശ്രമം നടക്കുമ്പോൾ മറുവശത്ത് ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് നുഴഞ്ഞുകയറ്റം നടത്താൻ ഉത്തരവിട്ടത് സൈനികമേധാവിയായ മുശർറഫായിരുന്നു. 'ഓപറേഷൻ വിജയ്'യിലൂടെ കാർഗിൽ യുദ്ധം വിജയിച്ച ഇന്ത്യ നേടിയത് പാകിസ്താന് മേൽ വൻ സൈനിക മേധാവിത്വം. യുദ്ധാനന്തരം പാകിസ്താൻ രൂക്ഷമായ പ്രതിസന്ധിനേരിട്ട സാഹചര്യത്തിൽ മുശർറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു.
1943ൽ ഡൽഹിയിലായിരുന്നു പർവേസ് മുശർറഫിന്റെ ജനനം. വിഭജനാനന്തരം മുശർറഫിന്റെ കുടുംബം ഡൽഹി വിട്ട് പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. 1964ലാണ് മുശർറഫ് പട്ടാളത്തിൽ ചേരുന്നത്. 'ഓഫീസർ കോർപ്സി'ൽ ചേർന്ന മുശർറഫ് 1965ലെയും 1971ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത് പോരാടി. 1998ൽ പാക് സൈനികമേധാവിയായി നിയമിക്കപ്പെട്ടു.
മുശർറഫ് സൈനിക മേധാവിയായിരുന്ന കാലത്താണ് പാകിസ്താൻ ഇന്ത്യക്ക് നിരന്തരം അസ്വസ്ഥതകൾ സൃഷ്ടിച്ചത്. കാർഗിലിലേക്ക് നുഴഞ്ഞുകയറാനുള്ള പാക് പദ്ധതി ആസൂത്രണം ചെയ്തത് മുശർറഫിന്‍റെ നേതൃത്വത്തിലായിരുന്നു. മഞ്ഞുകാലത്ത് ബങ്കറുകൾ ഉപേക്ഷിച്ച് പിന്മാറുക എന്നതായിരുന്നു ഇരുരാജ്യങ്ങളും അതിർത്തിയിൽ അനുവർത്തിച്ചിരുന്ന രീതി. എന്നാൽ, ഇന്ത്യൻ സൈന്യം ഉപേക്ഷിക്കുന്ന ബങ്കറുകളും പോസ്റ്റുകളും പിടിച്ചെടുക്കാൻ പാക് സൈന്യം പദ്ധതിയിട്ടു. ഒരുവശത്ത് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു ഇത്. 135 ഇന്ത്യൻ മിലിട്ടറി പോയിന്‍റുകൾ പാക് സൈന്യം പിടിച്ചെടുത്തു. 130 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ മണ്ണ് സ്വന്തമാക്കി. 'കാർഗിൽ വഞ്ചന' എന്നറിയപ്പെടുന്ന ആ നടപടി ആസൂത്രണം ചെയ്തത് പർവേസ് മുശർറഫിന്‍റെ നേതൃത്വത്തിലായിരുന്നു. ഇത് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചു.
(കാർഗിൽ യുദ്ധം വിജയിച്ച ഇന്ത്യൻ സൈന്യത്തിന്‍റെ ആഹ്ലാദം)
1998ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് പർവേസ് മുശർറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചത്. എന്നാൽ, യുദ്ധാനന്തരം ഇരുവരും തമ്മിൽ തെറ്റി. പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാക്കിസ്താനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുശർറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ശരീഫ് പ്രഖ്യാപിക്കുന്നു. എന്നാൽ, മുശർറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു. വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുശർറഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്താന്റെ ‘ചീഫ് എക്‌സിക്യൂട്ടീവ്’ ആയി മുശർറഫ് സ്വയം അവരോധിച്ചു.
2001ൽ പാക് പ്രസിഡന്റായ മുശർറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. തുടർന്ന് മുശർറഫ് വിദേശത്തേക്ക് കടന്നു. വിദേശത്ത് കഴിയുമ്പോൾ തന്നെ മുശർറഫ് ഓൾ പാക്കിസ്താൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്താനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുശർറഫ് വീട്ടുതടങ്കലിലുമായി. 2016ൽ രാജ്യം വിട്ട മുശർറഫ് പിന്നീട് ദുബൈയിലായിരുന്നു താമസം.
(മുൻ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയോടൊപ്പം മുശർറഫ്)
താൻ പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്നും ഭരണം പിടിക്കുമെന്നും മുശർറഫ് പലപ്പോഴായി പറഞ്ഞിരുന്നു. എന്നാൽ ഒരിക്കൽ സ്വന്തം കാൽക്കീഴിലായിരുന്ന രാജ്യം മുശർറഫിനെ രാജ്യദ്രോഹിയായി വിധിച്ചു. ഭരണഘടന അട്ടിമറിച്ച് 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില്‍ മുശർറഫിനെതിരെ 2013ൽ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു. 2019ൽ പെഷവാറിലെ പ്രത്യേക കോടതി മുശർറഫിനെ വധശിക്ഷക്ക് വിധിച്ചു. എന്നാൽ, ലഹോർ ഹൈകോടതി ഈ വധശിക്ഷ പിന്നീട് റദ്ദാക്കി.
2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുശർറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്‌പോർട്ടും പാക് സർക്കാർ സസ്‌പെൻഡ് ചെയ്തു. ദുബൈയിൽ ചികിത്സക്കായി അഭയം തേടിയ മുശർറഫിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.