മെഗി ചുഴലിക്കാറ്റ്; ഫിലിപ്പൈൻസിൽ മരണം 167 ആയി
text_fieldsഫിലിപ്പൈൻസ്: മെഗി ചുഴലിക്കാറ്റ് സൃഷ്ടിച്ച മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 167 ആയി. 110 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. മധ്യ ഫിലിപ്പൈൻസിൽ 164 പേരും തെക്കൻ ഫിലിപ്പൈൻസിൽ മൂന്ന് പേരുമാണ് മരിച്ചത്.
വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടാനായി ആളുകൾ മലമുകളിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രതികൂലമായ കാലാവസ്ഥയും ചെളിയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയും രണ്ടുലക്ഷത്തിലധികം ആളുകൾക്ക് വീടുനഷ്ടപ്പെടുത്തുകയും ചെയ്തു.
7,600-ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഫിലിപ്പൈൻസ് പ്രകൃതിക്ഷോഭങ്ങൾക്ക് നിരന്തരം ഇരയാകുന്ന രാജ്യമാണ്. പസഫിക് റിങ് ഓഫ് ഫയർ, പസഫിക് ടൈഫൂൻ ബെൽറ്റ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ ലോകത്തിലെ ഏറ്റവും ദുരന്തസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്. പ്രതിവർഷം ഇരുപത് കൊടുങ്കാറ്റ് വീശുന്ന ഫിലിപ്പൈൻസിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മെഗി. നാലുമാസംമുമ്പ് രാജ്യത്ത് വീശിയ ശക്തമായ ചുഴലിക്കാറ്റ് 400 പേരുടെ ജീവനാണെടുത്തത്.
ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ തകർന്ന പ്രവിശ്യകൾ സന്ദർശിച്ച് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി. മണ്ണിടിച്ചിലിൽ നാശനഷ്ടങ്ങളുണ്ടായ ഗ്രാമങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.