കുറ്റബോധം ആ മനുഷ്യനെ വേട്ടയാടിക്കൊന്നിട്ട് ഇന്നേക്ക് 29 വർഷം
text_fieldsമനസ്സ് നീറിയ ചിത്രങ്ങളിൽ ഇന്നും കിടപ്പുണ്ട് ക്ലാവ് പിടിച്ച് ആ ചിത്രം. വയറു വിശന്ന്, വറ്റിയ കുടലും, ഉന്തി തുളഞ്ഞ എല്ലുകളുമായി പൊരിവെയിലത്ത് തലയമർത്തി കിടന്ന് ഉരുകിയൊലിക്കുന്ന സുഡാനി പെൺകുട്ടിയും അവളെ കാത്തിരിക്കുന്ന ശവംതീനി കഴുകനും. ആ ചിത്രത്തെയും ഫോട്ടോഗ്രാഫറെയും മനുഷ്യമനസുകൾ അത്രപെട്ടെന്ന് മറന്നിരിക്കില്ല. ഒരൊറ്റ സ്നാപ്പിൽ മരണം കൊണ്ട് വിധിയെഴുതിയ ഫോട്ടോഗ്രാഫർ. കെവിൻ കാർട്ടർ. കുറ്റബോധം ആ മനുഷ്യനെ വേട്ടയാടിക്കൊന്നിട്ട് ഇന്നേക്ക് 29 വർഷം.
ഒറ്റ ഫോട്ടോ കൊണ്ട് കെവിൻ കാർട്ടറുടെ ജീവിതം മാറിമറിഞ്ഞു. അഭിനന്ദനങ്ങളും അംഗീകാരങ്ങളും തേടിയെത്തിയ കൂട്ടത്തിൽ കനമുള്ളൊരു ചോദ്യം കെവിന്‍റെ പ്രാണനെടുത്തു. അവൾ എന്നിട്ട് എവിടെയാണ്? അവൾ സുഖമായി ഇരിക്കുന്നില്ലെ... നിങ്ങൾ അവളെ രക്ഷിച്ചിരിക്കുമല്ലെ... ഉത്തരം നൽകാനാകാത്ത ചോദ്യങ്ങളിലേക്ക് വഴുതിവീണ കെവിൻ വളരെ വൈകാതെ തന്നെ മനുഷ്യമനസുകളിലെ കഴുകനായി...
1993കളിൽ കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും ബാധിച്ച സുഡാനിൽ ഐക്യരാഷ്ട്രസഭയുടെ സഹായവുമായി എത്തിയ കൂട്ടത്തിലെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു ദക്ഷിണാഫ്രിക്കക്കാരനായ കെവിന്‍ കാര്‍ട്ടര്‍. ഭക്ഷണങ്ങൾ നൽകി തിരികെ പോകാൻ വളരെ കുറഞ്ഞ സമയം മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ജീവനറ്റ ജീവിതങ്ങളെ പകർത്തി മനസ്സ് തളർന്ന കെവിൻ തിരികെ പേകാനുളള 15 നിമിഷത്തിലാണ് ആ കാഴ്ച കാണുന്നത്.
അയാളിൽ നിന്ന് അല്പം ദൂരെ മാറി വിശന്ന് തളർന്നൊരു പെൺകുട്ടി. ഭക്ഷ്യവിതരണ കാമ്പിലേക്ക് എത്താനാകാതെ പാതി വഴിയിൽ തല താഴ്ത്തി ഇരിക്കുന്നു. കാമറ തോളിലിട്ട് അവളെ എടുക്കാൻ ഓടുന്നതിനിടയിലാണ് കെവിൻ ആ കാഴ്ച കാണുന്നത്. കുഞ്ഞിന്‍റെ ചൂടുപിടിച്ച മാംസം കാത്ത് കുട്ടിയെ ലക്ഷ്യമിട്ടിരിക്കുന്ന ഒരു ശവംതീനി കഴുകൻ. മറിച്ച് ചിന്തിക്കാൻ സമയം നൽകാതെ കെവിൻ ഫോട്ടോ എടുക്കാനൊരുങ്ങി. തിരികെ പോകാനുള്ള സമയം അതിക്രമിച്ച കെവിൻ കാമ്പിലേക്ക് ഓടി.
തിരിച്ചെത്തിയ കെവിൻ സുഡാനി പെൺകുട്ടിയുടെ ചിത്രം ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു. 1993 മാർച്ച് 26ലെ പത്രത്തിന്‍റെ ഒന്നാം പേജിൽ ചിത്രം അച്ചടിച്ച് വന്നു. സുഡാനിലെ ഭീകരമായ കറുത്ത അധ്യായങ്ങളുടെ ഏട് പുറത്തുകാട്ടിയ ചിത്രമായി 'സുഡാനിലെ പെൺകുട്ടി' ലോകശ്രദ്ധ നേടിയെങ്കിലും ചോദ്യങ്ങൾക്ക് മേലെ ചോദ്യങ്ങൾ കെവിനെ വീർപ്പ് മുട്ടിച്ചുകൊണ്ടിരുന്നു. പ്രിയപ്പെട്ടവർ കൂടി തള്ളിപ്പറയാൻ ആരംഭിച്ചപ്പോൾ കെവിൻ കാർട്ടർ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണു.
1994 ഏപ്രിൽ 12ന് ന്യൂയോർക്ക് ടൈംസിൽനിന്നും ഒരു സന്തോഷവാർത്തയെത്തുന്നു. ഫോട്ടോഗ്രാഫർമാർക്ക് ലഭിക്കുന്ന പ്രമുഖ അമേരിക്കൻ പുരസ്കാരം പുലിറ്റ്സർ പ്രൈസ് ‘സുഡാനിലെ പെൺകുട്ടി’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നു. വീണ്ടും ചിത്രം വാർത്തയാകുന്നു. എന്നാൽ പുരസ്കാരമോ, അഭിനന്ദനങ്ങളോ, കുറ്റപ്പെടുത്തലുകളോ ഒന്നും അയാളെ തൊട്ടില്ല. അപ്പോഴും വിധി പറയാത്ത കുറ്റബോധത്തിന്‍റെ പ്രതിക്കൂട്ടിൽ അയാൾ നീറി പുകയുകയായിരുന്നു.
ഒടുവിൽ എല്ലാ വിചാരണകൾക്കും വിരാമം കുറിച്ചുകൊണ്ട് കെവിൻ ആ വിധിയെഴുതി. സ്വന്തം കാറിനകത്തുതന്നെ വിഷ പുക ശ്വസിച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ അയാൾ “റിയലി റിയലി സോറി” എന്നെഴുതിയിരുന്നു. ആ ഏറ്റുപറച്ചിൽ സുഡാനിലെ പെൺകുട്ടിയോടായിരുന്നെങ്കിലും പിന്നീട് ആ ചിത്രം ഒരുപാട് മനുഷ്യാഴങ്ങളിലേക്ക് ചിന്തിക്കാനുള്ള തുടക്കം മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.