ഇത് അൽ അഹ്‍ലി, ഒരായിരം അരുമക്കുരുതിയിൽ അന്ധതയാര്‍ന്ന ഇടം.... PHOTOS
text_fieldsഗസ്സ: കൈകാലുകൾ മുറിഞ്ഞ കുരുന്നുകൾ തറയിലിരുന്ന് ജീവന് വേണ്ടി കേഴുന്നു... അരികെ പ്രാണൻ പൊലിഞ്ഞ ദേഹങ്ങൾ ചോരവാർന്ന് കിടക്കുന്നു. ആശുപത്രിക്കിടക്കയിലെ നീലവിരിപ്പുകൾക്ക് രക്തത്തിന്റെ മണവും നിറവും... വേദന കടിച്ചമർത്താനാവാതെ നിലവിളിക്കുന്ന കുഞ്ഞുമക്കളിൽ ആരെയാദ്യം നോക്കണമെന്നറിയാതെ ഉഴലുന്ന ഡോക്ടർമാർ... താൽക്കാലികാശ്വാസത്തിന് വേദനാസംഹാരികൾ പോലും നൽകാൻ തികയാത്ത ഫാർമസി... ഇന്നലെ ഇസ്രായേൽ ഭീകരർ ആകാശത്തുനിന്നും ബോംബുകൾ വർഷിച്ച ഗസ്സ അൽ അഹ്‍ലി ആശുപത്രിയിലെ നോവുന്ന ദൃശ്യങ്ങൾ വാക്കുകൾക്കതീതമായിരുന്നു.
ഒരാഴ്ചയിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സക്ക്നേരെ കഴിഞ്ഞ 11 ദിവസമായി വ്യാപക വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ ചികിത്സ തേടിയെത്തിയ സ്ഥലമാണ് അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രി. ഇസ്രായേൽ അധിനിവേശ സൈന്യം വീടുകൾ തകർത്തതിനെതുടർന്ന് നിരാലംബരായ അനേകം മനുഷ്യരും ഇതിന്റെ മുറ്റത്ത് അഭയം തേടിയിരുന്നു.
ആതുരാലയമായതിനാൽ അക്രമങ്ങളിൽനിന്ന് സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവർ എത്തിയത്. എന്നാൽ, എല്ലാ പ്രതീക്ഷകളെയും മനുഷ്യത്വത്തെയും കത്തിച്ചാമ്പലാക്കി ഇസ്രായേൽ പോർവിമാനങ്ങൾ ആകാശത്ത് നിന്ന് തീതുപ്പി. പിഞ്ചുമക്കളെയും പ്രായമായവരെയും അടക്കം 500ലേറെ പേരെയാണ് നിമിഷങ്ങൾക്കകം ചാമ്പലാക്കിയത്.
ഫലസ്തീനിൽ ഒക്‌ടോബർ ഏഴിന് ആരംഭിച്ച നരനായാട്ടിൽ ഇതിനകം മരണസംഖ്യ 3,500 കവിഞ്ഞു. അതിനിടെയാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഗസ്സയിലെ അൽ-അഹ്‌ലി അൽ-അറബ് ഹോസ്പിറ്റലിനു നേരെ വ്യോമാക്രമണം നടത്തിയത്.
ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കൂട്ടക്കുരുതിയുമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ആക്രമണത്തെ കാനഡ, തുർക്കി, ഇറാൻ, ഖത്തർ, ഈജിപ്ത്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
സിറിയ, ടുണീഷ്യ, സ്പെയിൻ, ബെർലിൻ, തുർക്കി, ലെബനൻ എന്നിവിടങ്ങളിൽ വൻ പ്രതിഷേധങ്ങൾ നടന്നു. ജോർദാനിൽ പ്രതിഷേധക്കാർ ഇസ്രായേൽ എംബസി ആക്രമിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം വ്യാപക പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
ചിത്രങ്ങൾക്ക് കടപ്പാട്: അൽജസീറ, റോയിട്ടേഴ്സ്, എ.എഫ്.പി, എ.പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.