ഇസ്ലാമിക ചരിത്രഭൂമികളിലേക്ക് തീർഥാടനം: കേന്ദ്ര ഹജ്ജ് കമ്മിറ്റി സമിതിയെ നിയോഗിച്ചു
text_fieldsമലപ്പുറം: ഹജ്ജ് കർമത്തിന് പുറമെ വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക ചരിത്ര ഭൂമികളിലേക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവ് കുറഞ്ഞ രീതിയിൽ യാത്ര സാധ്യമാക്കുന്നതിനുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സമിതിയെ നിയോഗിച്ചു. വിഷയം പഠിക്കാൻ രാജസ്ഥാനിൽനിന്നുള്ള അംഗമായ ഹിദായത്തുല്ല ദൗളിയയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുക.
ഉംറ തീർഥാടനം, ഫലസ്തീൻ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിക ചരിത്രഭൂമിയിലേക്കുള്ള തീർഥാടനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് എന്ത് ചെയ്യാനാകുമെന്നത് പഠിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
2022ലെ ഹജ്ജ് ക്യാമ്പ് പ്രവർത്തനവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേർന്ന ഹജ്ജ് കമ്മിറ്റി യോഗം പ്രാഥമികമായി വിലയിരുത്തി. വിശദമായ അവലോകനം അടുത്ത മാസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേരും. അടുത്ത വർഷം മുതൽ നടപ്പാക്കേണ്ട പുതിയ ഹജ്ജ് നയത്തെ സംബന്ധിച്ച് യോഗത്തിൽ കമ്മിറ്റി അംഗങ്ങളിൽനിന്ന് അഭിപ്രായം തേടി. ഇവ ന്യൂനപക്ഷ മന്ത്രാലയം രൂപവത്കരിക്കുന്ന വിദഗ്ധ കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കും. നിലവിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവർക്കായി നീക്കിവെച്ച സർക്കാർ ക്വോട്ടയായ 500 സീറ്റുകൾ ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നെങ്കിലും അംഗങ്ങൾ എതിർപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.