ടിയാനൻമെൻ കൂട്ടക്കൊല: ഹോങ്കോങ് സർവകലാശാലയിലെ പ്രതിമ നീക്കി
text_fieldsഹോങ്കോങ്: ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കുരുതിയുടെ സ്മാരകമായി നിർമിച്ച എട്ടു മീറ്റർ ഉയരമുള്ള വെങ്കലപ്രതിമ ഹോങ്കോങ് യൂനിവേഴ്സിറ്റിയിൽനിന്ന് നീക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. മരണസംഖ്യ ഇനിയും വ്യക്തമല്ലാത്ത കൂട്ടക്കൊലയുടെ ഓർമകൾ ഉണർത്തുന്ന 'അപമാനത്തിെൻറ സ്തംഭം' എന്നു വിളിക്കപ്പെടുന്ന പ്രതിമയാണ് നീക്കംചെയ്തത്. ചൈനീസ് വിരുദ്ധ വിമതരെ അമർച്ചചെയ്യാനുള്ള സർക്കാർ നീക്കത്തിെൻറ ഭാഗമായാണിത്.
ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിപ്പിക്കുന്ന വളരെ കുറച്ച് പൊതു സ്മാരകങ്ങൾ മാത്രമേ ഹോങ്കോങ്ങിൽ അവശേഷിച്ചിരുന്നുള്ളൂ. അവ എങ്ങനെയെങ്കിലും നീക്കംചെയ്യാനുള്ള ശ്രമത്തിലാണ് സർക്കാർ. 1989ൽ ചൈനീസ് അധികൃതർ നിഷ്ഠുരം കൊന്നൊടുക്കിയ വിദ്യാർഥികളടക്കമുള്ള ജനാധിപത്യപ്രക്ഷോഭകരെ അനുസ്മരിക്കാനാണ് ശിൽപം സ്ഥാപിച്ചത്. അന്ന് കൊല്ലപ്പെട്ടവരെയാണ് ശിൽപത്തിൽ ആലേഖനം ചെയ്തത്. പുറത്തുനിന്നുള്ള നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലും പഴക്കംചെന്നതിനാലുമാണ് പ്രതിമ നീക്കിയതെന്നാണ് അധികൃതരുടെ വാദം. പ്രതിമ നീക്കുന്നത് കാമറയിൽ പകർത്താനുള്ള മാധ്യമപ്രവർത്തകരുടെ ശ്രമത്തെയും സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. ഒക്ടോബറിലാണ് പ്രതിമ നീക്കംചെയ്യാൻ സർവകലാശാല ഉത്തരവിറക്കിയത്.
പ്രതിമ നീക്കംചെയ്തതിനെതിരെ ഇത് നിർമിച്ച ഡാനിഷ് ശിൽപി രംഗത്തുവന്നു. ശ്മശാനത്തിലെ ശവക്കുഴികൾ നശിപ്പിക്കുന്നതിന് തുല്യമാണ് സർവകലാശാല അധികൃതരുടെ പ്രവൃത്തിയെന്ന് ജെൻസ് ഗാൽഷിയോറ്റ് കുറ്റപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.