തുർക്കിയയിലെ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റ് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി
text_fieldsഅങ്കാറ: അഞ്ച് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത തുർക്കിയിലെ ഭീകരാക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ).
തുർക്കിയ തലസ്ഥാനമായ അങ്കാറക്ക് സമീപം സർക്കാർ നിയന്ത്രണത്തിലുള്ള പ്രതിരോധ കമ്പനിയുടെ ആസ്ഥാനമായ ടുസാസിന് നേരെയാണ് വെടിവെപ്പുണ്ടായത്.
കുർദ് മേഖലയിൽ തുർക്കിയ നടത്തിയ കൂട്ടക്കൊലകൾക്കുള്ള മറുപടിയായാണ് തങ്ങളുടെ പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് പി.കെ.കെ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ആക്രമണം പുതിയ രാഷ്ട്രീയ അജണ്ടയല്ല. വളരെ മുമ്പ് ആസൂത്രണംചെയ്തതാണ്. കുർദിസ്താനിലെ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്താനുള്ള ആയുധങ്ങൾ നിർമിച്ച സ്ഥാപനമായതിനാലാണ് ടുസാസ് ലക്ഷ്യമിട്ടതെന്നും പി.കെ.കെയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ഡിഫൻസ് സെന്റർ വ്യക്തമാക്കി.
അതേസമയം, ഉത്തര ഇറാഖിലെ സിഞ്ചാർ ജില്ലയിൽ പി.കെ.കെയുടെ കേന്ദ്രങ്ങളിൽ തുർക്കിയയുടെ യുദ്ധ വിമാനങ്ങൾ വെള്ളിയാഴ്ചയും ബോംബിട്ടതായി ഇറാഖ് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. ബോംബാക്രമണത്തിൽ അഞ്ച് കുർദ് വംശജർ കൊല്ലപ്പെട്ടതായി പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. ടാക്സിയിലെത്തിയ രണ്ടുപേരാണ് ടുസാസിൽ ബുധനാഴ്ച സ്ഫോടനവും വെടിവെപ്പും നടത്തിയത്. സംഭവത്തിൽ നാല് ടുസാസ് ജീവനക്കാരും ആക്രമികളും ടാക്സി ഡ്രൈവറും കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.