വിമാനം, എസ്.യു.വി, ട്രെയിൻ: ബൈഡന്റെ യാത്ര
text_fieldsവാഷിങ്ടൺ: റഷ്യയുടെ ആക്രമണം തുടരുന്ന യുക്രെയ്നിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനും മണിക്കൂറുകൾ നീണ്ട യാത്രക്കും ഒടുവിൽ. അമേരിക്കയിൽനിന്ന് വിമാന മാർഗം പോളണ്ടിലും പിന്നീട് എസ്.യു.വിയിൽ യുക്രെയ്ൻ അതിർത്തിയിലെ റെയിൽവേ സ്റ്റേഷനിലും അവിടെനിന്ന് 10 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് കിയവിലും എത്തുകയായിരുന്നു.
ജോ ബൈഡനൊപ്പം യാത്രചെയ്ത ഏക മാധ്യമ പ്രവർത്തകയായ വാൾ സ്ട്രീറ്റ് ജേണൽ ലേഖിക സബ്രീന സിദ്ദീഖിയാണ് യാത്രയുടെ വിവരങ്ങൾ പുറത്തുവിട്ടത്. സി- 32 എന്ന് അറിയപ്പെടുന്ന എയർഫോഴ്സ് ബോയിങ് 757 വിമാനത്തിൽ വാഷിങ്ടണിൽനിന്ന് ജർമനിയിലെ അമേരിക്കൻ സൈനിക താവളമായ റാംസ്റ്റീനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് പോളണ്ടിലെ റസീസ്വക്ക-ജസിയോക്ക വിമാനത്താവളത്തിൽ എത്തിയത്. ഇവിടെനിന്ന് എസ്.യു.വികൾ അടങ്ങിയ വാഹന വ്യൂഹത്തിലാണ് യുക്രെയ്ൻ അതിർത്തിക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനായ പ്രെംസിൽ ഗ്ലോസ്നിയിലെത്തിയത്.
അപ്പോഴേക്കും തദ്ദേശീയ സമയം ഞായറാഴ്ച രാത്രി 9.15 ആയിരുന്നു. 10 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താണ് കിയവിലെത്തിയത്. കിയവിൽനിന്ന് പോളണ്ടിലേക്ക് മടങ്ങിയതും ട്രെയിനിൽ തന്നെയായിരുന്നു. ബൈഡന്റെ സന്ദർശനം സംബന്ധിച്ച് അമേരിക്കൻ അധികൃതർ നയതന്ത്ര ചാനൽ വഴി റഷ്യയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ബൈഡനൊപ്പം ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.