നേപ്പാളിൽ വിമാനം തകർന്ന് 67 മരണം; 45 മൃതദേഹങ്ങൾ കണ്ടെടുത്തു, രണ്ടുപേരുടെ നില അതിഗുരുതരം -വിഡിയോ
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്ന് 67 പേർ മരിച്ചു. അപകടത്തിൽ പെട്ട വിമാനത്തിൽ നിന്ന് 49 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനത്തിടെ രണ്ടുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപെട്ടത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് ഈസമയം വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള 15 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അഞ്ച് ഇന്ത്യക്കാരും നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അർജന്റീന, അയർലൻഡ്, ആസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നായി ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ നേപ്പാളികളാണ്.
പൊഖാറ ഇന്‍റർനാഷനൽ വിമാനത്താവളത്തിനും ആഭ്യന്തര വിമാനത്താവളത്തിനും ഇടയിൽ പ്രാദേശിക സമയം രാവിലെ 11ഓടെയാണ് വിമാനം തകർന്നുവീണത്. മൂന്നു കിലോമീറ്റർ മാത്രമാണ് ഇരുവിമാനത്താവളങ്ങൾക്കും ഇടയിലുള്ള ദൂരം. 35 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. വിമാനം പൂർണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയർലൈൻസിന്‍റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് പൊഖാറ വിമാനത്താവളം. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പൊഖാറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചൈനീസ് സഹായത്തോടെ നിർമിച്ച പുതിയ പൊഖാറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. യാത്രക്കാരിൽ 57 പേർ നേപ്പാളി പൗരന്മാരുമാണ്. ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും.
പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണതെന്ന് യതി എയർലൈൻസ് വക്താവ് സുദർശൻ ബർത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാൻഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
നേപ്പാൾ താഴ്‌വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുമെന്നും അതിനാൽ പൊഖാറ വിമാനത്താവളത്തിലെ ലാൻഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.