'അവരുടെ കണ്ണിൽ നോക്കി എങ്ങനെയാണ് ഇസ്ലാമോഫോബിയ ഇല്ലെന്ന് പറയുക'; െകാല്ലപ്പെട്ട മുസ്ലിംകുടുംബത്തിന് അനുശോചനമറിയിച്ച് ട്രൂഡോ
text_fieldsഒട്ടാവ: കാനഡയിലെ ഒന്‍റാരിയോയില്‍ വംശീയ ആക്രമണത്തിൽ കൊലപ്പെട്ട മുസ്ലിം കുടുംബത്തിന്‍റെ സംസ്കാര ചടങ്ങിലും അനുശോചന ചടങ്ങിലും പങ്കെടുത്ത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മുസ്ലിം ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെയാണ് ട്രൂഡോ അനുശോചിച്ച് രംഗത്തെത്തിയത്. ആരും ഭയക്കേണ്ടതില്ലെന്നും എല്ലാ കാനഡക്കാരും നിങ്ങളുടെ കൂടെയാണെന്നും ട്രൂഡോ മുസ്ലിം സമൂഹത്തോട് ഉണർത്തി.
''ഇത് വിദ്വേഷത്താലുള്ള തീവ്രവാദ ആക്രമണമാണ്. ഈ രാജ്യത്ത് വംശീയതയും വിദ്വേഷവും ഇല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരോട് പറയാനുള്ളത് ഇത്രമാത്രം: ''ആ മരണപ്പെട്ട കുടുംബത്തിന്‍റെ കണ്ണിൽ നോക്കി എങ്ങനെയാണ് ഇസ്ലാമോഫോബിയ ഇല്ലെന്ന് പറയാനാകുക?.
ഒരുപാട് കുടുംബങ്ങൾ ലോക്ഡൗണിന് ശേഷം ശുദ്ധവായു ശ്വസിക്കാനായി സായാഹ്ന നടത്തത്തിന് ഇറങ്ങുന്ന ദിവസമാണ്. പക്ഷേ മറ്റുള്ളവരെപ്പോലെയല്ല, ആ കുടുംബം പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. രാജ്യത്തെ മുസ്ലിംകൾ ഭീതിയിലാണ്'' -ട്രൂഡോ പാർലമെന്‍റിൽ പറഞ്ഞു.
20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് വംശീയ ആക്രമണത്തിലെ പ്രതി. നാലുപേരെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.
'ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ആക്രമണമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വിദ്വേഷത്താലാണ് ഇങ്ങനെ ചെയ്തത്. മുസ്ലിം ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു -ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒന്റാരിയോയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ലണ്ടനില്‍ ഞായാറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കുടുംബം റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്. 74 ഉം 44ഉം വയസ്സുകാരായ സ്ത്രീകളും 46കാരനും 15കാരി പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.