ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സ രാജിവെച്ചേക്കും; ഇടക്കാല സർക്കാറിന് നീക്കം
text_fieldsകൊളംബോ: വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രാജപക്സ രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ. എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് നീക്കം. അതേസമയം, മഹീന്ദ രാജപക്സയുടെ സഹോദരൻ ഗോടബയ രജപക്സ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നേക്കും. സർക്കാറിനെതിരായ കനത്ത പ്രതിഷേധങ്ങളാണ് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് വഴിയൊരുക്കുന്നത്. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെ നേരിടാനായി ശ്രീലങ്കയിലാകെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, പ്രധാനമന്ത്രി രാജിവെക്കുമെന്ന റിപ്പോർട്ടുകൾ പിന്നീട് അദ്ദേഹത്തിന്‍റെ ഓഫിസ് നിഷേധിച്ചു.
സർക്കാർ വിരുദ്ധ റാലി സംഘടിപ്പിച്ചതിന് ഇന്ന് 600ലധികം പേരെ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തിരുന്നു. രാജ്യവ്യാപകമായി കർഫ്യൂ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.
അവശ്യസാധനങ്ങളുടെ ദൗർലഭ്യതയും കനത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയിൽ സർക്കാറിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. പ്രസിഡന്‍റ് ഗോടബയ രാജപക്‌സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ വ്യാപകമായതോടെ സൈബറിടങ്ങളിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ സ്വന്തം അണികളിൽ നിന്ന് തന്നെ വിയോജിപ്പുകളുണ്ടായിരുന്നു. സർക്കാറിന്‍റെ ഈ തീരുമാനം വാർത്താവിനിമയ സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഒഷാദ സേനാനായകെയെ രാജിവെപ്പിക്കുന്നതിലേക്ക് വരെ നയിച്ചിരുന്നു.
മഹാമാരിയുടെ അനന്തരഫലമായാണ് രാജ്യത്ത് ഇപ്പോൾ സാമ്പത്തിക മാന്ദ്യം നേരിടുന്നതെന്നാണ് വിമർശനങ്ങളോടുള്ള രാജപക്‌സെയുടെ മറുപടി. രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.