യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി
text_fieldsകിയവ്: യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ മുന്നിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധഭൂമിയിൽ സംഘർഷങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നതായും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നൽകാൻ തയാറാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
''യുക്രെയ്നിലെയും പടിഞ്ഞാറൻ ആഫ്രിക്കയിലെ സംഘർഷങ്ങൾ എപ്പോഴും ഞങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധഭൂമിയിൽ വെച്ച് സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. സംഘർഷങ്ങളിൽ നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നത് മാനവസമൂഹത്തിന് മുഴുവൻ വെല്ലുവിളിയാണ്. സംഘർഷ മേഖലകളിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുകയാണ് ആവശ്യം. അതിന് വേണ്ടതെല്ലാം ചെയ്യാൻ മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമുണ്ടാകും.''-'മോദി പറഞ്ഞു.
45 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. പോളണ്ടും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70ാം വാർഷികം കൂടിയാണിത്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് വഴിമാറ്റാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടാൻ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും കാലാനുചിത പരിഷ്‍കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്ത്യയും പോളണ്ടും അംഗീകരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. പോളണ്ട് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഉടൻ കിയവിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.