മോദിക്ക് ‘മഹത്തായ കുരിശ്’ സമ്മാനിച്ച് മക്രോൺ
text_fieldsപാരിസ്: ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽസി പാലസിൽ വച്ചായിരുന്നു പുരസ്കാരം.
“ഇന്തോ-ഫ്രഞ്ച് പങ്കാളിത്തത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന ഊഷ്മളമായ അടയാളം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു” -വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ്, മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബൗട്രസ് ബൗട്രസ് ഘാലി തുടങ്ങിയവരെ നേരത്തേ ഈ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് ഫ്രാൻസിലെത്തിയത്. പാരീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
വിവിധമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്ന് പാരീസിലെത്തിയശേഷം മോദി ട്വീറ്റുചെയ്തു. തന്ത്രപ്രധാനമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്രപങ്കാളിത്തത്തിന്റെ 25-ാം വാർഷികവേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതടക്കം ചർച്ചയാകും. ചർച്ചയ്ക്കുശേഷം പ്രതിരോധരംഗത്തേതുൾപ്പെടെ സുപ്രധാനകരാറുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഫ്രാൻസിെൻറ ദേശീയദിനാഘോഷത്തിൽ (ബാസ്റ്റീൽ ദിനം) മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളിൽനിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റഫാൽ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും.
ഇതിനിടെ, ഫ്രാൻസിൽനിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങളും സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളും വാങ്ങാനുള്ള നിർദേശത്തിന് കേന്ദ്രസർക്കാർ ഇന്നലെ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ ഇന്ന് പ്രഖ്യാപിക്കും. കരാറൊപ്പിട്ട് മൂന്നുവർഷത്തിനുള്ളിൽ റഫാൽവിമാനം ഫ്രാൻസിൽനിന്ന് ഇന്ത്യക്ക് ലഭിച്ചുതുടങ്ങും. 26 റഫാൽ ജെറ്റുകളിൽ നാലെണ്ണം പരിശീലനത്തിനായിരിക്കും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ്. വിക്രാന്ത് വിമാനവാഹിനിക്കപ്പലിൽ വിന്യസിക്കാനാണ് പ്രധാനമായും റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ റഷ്യൻ നിർമിത മിഗ്-29 കെ വിമാനങ്ങളാണ് നാവികസേന ഉപയോഗിച്ചുവരുന്നത്. ഫ്രാൻസുമായി 90,000 കോടി രൂപയുടെ പ്രതിരോധക്കരാറാണ് ഒരുങ്ങിയതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.