മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മോദി ഇന്ത്യയിലേക്ക് മടങ്ങി
text_fieldsന്യൂയോർക്ക്: മൂന്ന് ദിവസത്തെ യു.എസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. യു.എസ് സന്ദർശനത്തിൽ മോദി ക്വാഡ് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയും യു.എന്നിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ജാപ്പനീസ്, ഓസ്‌ട്രേലിയൻ പ്രതിനിധികളുമായി ഞായറാഴ്ച മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. പരസ്പര നേട്ടങ്ങൾക്കും ഇന്തോ-പസഫിക് മേഖലയുടെ 'സമാധാനം, സ്ഥിരത, സമൃദ്ധി' എന്നിവയ്ക്കുമായി ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി യു.എസിലെത്തിയത്. ആദ്യ ദിവസം ഡെലവെയറിലെ വിൽമിംഗ്ടണിൽ ക്വാഡ് ലീഡേഴ്‌സ് യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി ശനിയാഴ്ച അദ്ദേഹത്തിൻ്റെ ജന്മനാടായ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്നു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും പങ്കെടുത്തു.
വിൽമിംഗ്ടണിലെ ക്വാഡ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം, ശനിയാഴ്ച ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. അവിടെ അദ്ദേഹം ലോംഗ് ഐലൻഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പരിപാടിയിൽ പങ്കെടുത്തു. മൂന്നാം ദിവസം ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ബൈഡൻ മോദിയെ അദ്ദേഹത്തിൻ്റെ വസതിയിൽ ഉഭയകക്ഷി യോഗത്തിന് സ്വീകരിച്ചു. 297 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചയച്ചതാണ് ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രത്യേകത. അവയിൽ ചിലത് കൂടിക്കാഴ്ചയിൽ ബൈഡന്റെ വസതിയിൽ പ്രദർശിപ്പിച്ചു.
ക്വാഡ് ലീഡർഷിപ്പ് ഉച്ചകോടിയിൽ നേതാക്കൾ ഇൻഡോ-പസഫിക് മേഖലയിലെ ജീവൻ രക്ഷിക്കാനുള്ള പങ്കാളിത്തമായ ക്വാഡ് ക്യാൻസർ മൂൺഷോട്ട് പ്രഖ്യാപിച്ചു. ഇൻഡോ-പസഫിക് മേഖലയിലെ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇന്ത്യ 7.5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു.
ശനിയാഴ്ച ന്യൂയോർക്കിലെ നാസാവു കൊളീസിയത്തിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ മെഗാ സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ബോസ്റ്റണിലും ലോസ് ഏഞ്ചൽസിലും ഇന്ത്യ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ പങ്കിനെ അഭിനന്ദിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ എന്നാണ് വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.