ഓസ്ട്രിയൻ കമ്പനികളെ ക്ഷണിച്ച് മോദി; വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി
text_fieldsവിയന: അടിസ്ഥാന സൗകര്യങ്ങൾ, ഊർജം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഓസ്ട്രിയൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോദിയും ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറും ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് മോദി വിയനയിലെത്തിയത്. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്.
ഹോഫ്ബർഗ് പാലസിൽ നടന്ന യോഗത്തിൽ സ്റ്റാർട്ടപ്പുകൾ അടക്കമുള്ള മേഖലകളിൽ ഇന്ത്യയിലെയും ഓസ്ട്രിയയിലെയും കമ്പനികൾ തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ മോദി എടുത്തുപറഞ്ഞു.
സംരംഭകത്വം വളർത്തുന്നതിനായി ഇന്ത്യ- ഓസ്ട്രിയ സ്റ്റാർട്ടപ് ബ്രിഡ്ജ് കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയിരുന്നു. 2023ൽ ഇരു രാജ്യങ്ങളും 2.93 ബില്യൺ യു.എസ് ഡോളറിന്റെ (ഏകദേശം 24,470 കോടി രൂപ) ഉഭയകക്ഷി വ്യാപാരം നടത്തിയിരുന്നു.
യുദ്ധത്തിനുള്ള സമയമല്ലെന്ന് ആവർത്തിച്ച് മോദി
വിയന: ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി യുക്രെയ്ൻ സംഘർഷവും പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും ചർച്ച ചെയ്തതായും ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് ആവർത്തിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘താൻ മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുദ്ധയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. എവിടെയാണെങ്കിലും നിരപാരാധികളുടെ ജീവൻ നഷ്ടമാകുന്നത് അംഗീകരിക്കാനാകില്ല’ -ഓസ്ട്രിയൻ ചാൻസലർക്കൊപ്പമുള്ള വാർത്തസമ്മേളനത്തിൽ മോദി പറഞ്ഞു.
യുക്രെയ്ൻ സംഘർഷത്തിന് യുദ്ധക്കളത്തിൽ പരിഹാരം സാധ്യമല്ലെന്നും ബോംബുകൾക്കും വെടിയുണ്ടകൾക്കും ഇടയിൽ സമാധാന ശ്രമങ്ങൾ വിജയിക്കുന്നില്ലെന്നും പുടിനുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.