ജി20 ഉച്ചകോടി: നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മോദി
text_fieldsറിയോ ഡെ ജനീറോ: ജി20 ഉച്ചകോടിക്കിടെ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിൽ അഭയം തേടിയ വിജയ് മല്യ, നീരവ് മോദി എന്നിവരെ വിട്ടുനൽകണമെന്ന് യു.കെ പ്രധാനമന്ത്രി കീർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കാനും തീരുമാനിച്ചു.
ഇന്ത്യയും യു.കെയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു. കീർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ഇരുവരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ 2022 ജനുവരിയിലാണ് തുടങ്ങിയത്.
ഫ്രാൻസ്, ഇറ്റലി, ഇന്തോനേഷ്യ, നോർവേ, പോർചുഗൽ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ ബഹിരാകാശം, ഊർജം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോനിയുമായി പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണം ചർച്ച ചെയ്തു. അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥും മോദിയുമായി കൂടിക്കാഴ്ച നടത്തി.
പുടിൻ ഇന്ത്യ സന്ദർശനത്തിന്
ന്യൂഡൽഹി: യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശനത്തിന്. ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ രണ്ട് റഷ്യൻ സന്ദർശനങ്ങൾക്ക് ശേഷമാണ് പുടിന്റെ ഇന്ത്യ സന്ദർശനമെന്നും സന്ദർശന തീയതിയിൽ അന്തിമമായി തീരുമാനമായിട്ടില്ലെന്നും പെസ്കോവ് പറഞ്ഞു. ഇന്ത്യ- ചൈന ബന്ധങ്ങളിൽ റഷ്യ വഹിച്ച പങ്ക് എടുത്തുപറഞ്ഞ പെസ്കോവ് ലോകത്തിന് ഇതൊരു ശുഭവാർത്തയാണെന്നും തുടർന്നു. റഷ്യയെ മാനിക്കുന്ന ഇന്ത്യ റഷ്യയുമായുള്ള സഹകരണത്തെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.