സർവതോന്മുഖ സഹകരണത്തിന് ഇന്ത്യയും യു.എസും
text_fieldsവാഷിങ്ടൺ: സമഗ്രമേഖലകളിലും അതിശക്തമായ ഉഭയകക്ഷി സഹകരണത്തിലൂടെ വ്യാപാര ഉടമ്പടിയടക്കമുള്ള സാമ്പത്തികബന്ധങ്ങൾ ശക്തമാക്കാൻ ഇന്ത്യയും യു.എസും. ഇന്ത്യ-യു.എസ് ട്രേഡ് പോളിസി ഫോറം പുനരാരംഭിച്ച് പുതിയ വ്യാപാരസാധ്യതകൾ അന്വേഷിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ‘‘ആഗോള സാമ്പത്തിക വളർച്ചയുടെ എൻജിനാണ് ഇന്ത്യ-യു.എസ് വ്യാപാര, നിക്ഷേപ പങ്കാളിത്തം.
2022ൽ 15.65 ലക്ഷം കോടി രൂപ കവിഞ്ഞ ഉഭയകക്ഷി വ്യാപാരം, 2014 നേക്കാൾ ഇരട്ടിയിലെത്തിയിരിക്കുകയാണ്’’ -പ്രസ്താവന പറയുന്നു. യു.എസ്-ഇന്ത്യ വ്യാപാര സംഭാഷണവും സി.ഇ.ഒ ഫോറവും പുനരാരംഭിച്ചതിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. യു.എസ് ട്രഷറി വകുപ്പും ഇന്ത്യൻ ധനമന്ത്രാലയവും തമ്മിൽ സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിൽ പരസ്പരം താൽപര്യമുള്ള വിഷയങ്ങളിൽ യു.എസ് ഫെഡറൽ ഇൻഷുറൻസ്-ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും സഹകരിക്കും. ഇരു രാജ്യങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും അക്കാദമിക സ്ഥാപനങ്ങളും തമ്മിൽ സാങ്കേതികവിദ്യ പങ്കുവെക്കും.
200 യു.എസ് നിർമിത വിമാനങ്ങൾ വാങ്ങാനുള്ള ചരിത്രപരമായ കരാറിനെ ഇരു നേതാക്കളും വാഴ്ത്തി. ഇന്ത്യൻ വ്യോമയാന മേഖലയുടെ വികാസത്തിനും യു.എസിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും സഹായിക്കും.
അടുത്ത 20 വർഷത്തിനുള്ളിൽ 31,000 പൈലറ്റുമാരുടെ ആവശ്യം വരുന്ന ഇന്ത്യക്ക് ഈ മേഖലയിൽ യു.എസ് സമഗ്ര പരിശീലനം നൽകും -സംയുക്ത പ്രസ്താവന കൂട്ടിച്ചേർത്തു.
ചന്ദ്രനിൽ മനുഷ്യനെ ഇറക്കി തിരികെയെത്തിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ് പദ്ധതിയിൽ ഇന്ത്യയും സഹകരിക്കും. ഭീകരവാദത്തെ നേരിടാനുള്ള പരിശ്രമത്തിൽ പരസ്പരം സഹകരിക്കാനുള്ള വഴികളും മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
രാജ്യങ്ങളുടെ ബന്ധം: അമേരിക്കയിലെ ഇന്ത്യക്കാരുടെ പങ്ക് വലുത് -മോദി
വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാർ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതായി വിരുന്നിൽ സംസാരിച്ച നരേന്ദ്ര മോദി പറഞ്ഞു. വിരുന്നിലെ പങ്കാളിത്തം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഊർജവും ചൈതന്യവും വ്യക്തമാക്കുന്നതാണ്.
ഓരോ ദിവസം കഴിയുംതോറും ഇരു രാജ്യക്കാരും പരസ്പരം കൂടുതൽ അടുത്തറിയുകയാണ്. പേരുകൾ കൃത്യമായി പറയാനും ഉച്ചാരണം മനസ്സിലാക്കാനും കഴിയുംവിധം ഇത് വളർന്നു. ഇന്ത്യൻ കുട്ടികൾ സ്പൈഡർമാനായും ഹോളോവീനായും വേഷമിടുകയും അമേരിക്കൻ യുവാക്കൾ ‘നാട്ടു നാട്ടു’ പാട്ടിന് നൃത്തംവെക്കുകയും ചെയ്യുന്നു. അമേരിക്കയിലെ ഇന്ത്യക്കാർ വിവിധ മേഖലകളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യൻ മൂല്യങ്ങളിലും ജനാധിപത്യ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്ന അവർ വൈവിധ്യങ്ങളുടെ കലവറയായ അമേരിക്കൻ സമൂഹത്തിൽ ആദരണീയ ഇടം കണ്ടെത്തി.
എല്ലാവരെയും ഉൾക്കൊള്ളുന്ന അമേരിക്കൻ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിൽ അവർ നിർണായകമായ പങ്കു വഹിച്ചതായും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷിബന്ധം ശക്തമാക്കും -കമല ഹാരിസ്
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്കെത്തിക്കുമെന്നും ബഹിരാകാശം, പ്രതിരോധം, പുതു സാങ്കേതികവിദ്യ, വിതരണശൃംഖല തുടങ്ങിയ രംഗങ്ങളിൽ ബന്ധം ശക്തിപ്പെടുമെന്നും യു.എസ് ൈവസ് പ്രസിഡന്റ് കമല ഹാരിസ് അഭിപ്രായപ്പെട്ടു. ഏറ്റവും ശക്തമായ നിലയിലാണ് ഇന്ത്യ-യു.എസ് ബന്ധം. ഒരുമിച്ച് നാം ഭാവി രൂപപ്പെടുത്തും. കൂടുതൽ സമൃദ്ധിയും സുരക്ഷയും ആരോഗ്യവുമുള്ള ലോകത്തിനായി പ്രവർത്തിക്കും- കമല ഹാരിസിന്റെ ഓഫിസ് ട്വിറ്ററിൽ പറഞ്ഞു. കമലക്ക് മോദി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.