പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇന്ന് പടിയിറങ്ങിയേക്കും; സേന ആസ്ഥാനം സന്ദർശിച്ചു
text_fieldsഇസ്‍ലാമാബാദ്: കാലവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് ബുധനാഴ്ച പദവി ഒഴിഞ്ഞേക്കും. ഈ മാസം 12നാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാറിന്റെ കാലാവധി അവസാനിക്കുക.
കാലവധി അവസാനിക്കും മുമ്പേ പാർലിമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് ആൽവിക്ക് അദ്ദേഹം ഇന്ന് ഉപദേശം നൽകിയേക്കും. ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ മുൻ നേതാവ് കൂടിയായ പ്രസിഡന്റ് ആൽവി, പാർലിമെന്റ് പിരിച്ചുവിടാനുള്ള നിർദേശം നിരാകരിക്കാൻ സാധ്യതയുണ്ട്.
പാകിസ്താനിലെ നിയമപ്രകാരം പ്രസിഡന്റ് നിരാകരിച്ചാലും പ്രധാനമന്ത്രി നിർദേശം നൽകി 48 മണിക്കൂറിനകം സ്വാഭാവികമായും പാർലിമെന്റ് പിരിച്ചുവിടപ്പെടും. ഇതുകൂടി പരിഗണിച്ചാണ് പാർലിമെന്റ് പിരിച്ചുവിടാനുള്ള ഉപദേശം ബുധനാഴ്ച തന്നെ നൽകുക.
കാലവധി തീരുന്നതിന് മുമ്പേ പാർലിമെന്റ് പിരിച്ചുവിട്ടാൽ മൂന്നു മാസത്തിനകവും കാലവധി പൂർത്തിയായാൽ രണ്ടു മാസത്തിനകവും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു ദിവസം മുന്നേ പാർലിമെന്റ് പിരിച്ചുവിടുന്നതിനുള്ള നടപടി ക്രമങ്ങളുമായി ശഹബാസ് ശരീഫ് സർക്കാർ നീങ്ങുന്നത്.
പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇറങ്ങുന്നതിന്റെ മുന്നോടിയായി ചൊവ്വാഴ്ച റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം അദ്ദേഹം സന്ദർശിച്ചു. സേന തലവൻ ആസിം മുനീർ അദ്ദേഹത്തെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.