വിഷബാധയേറ്റ പുടിന്റെ എതിരാളി അലക്സി നവൽനി റഷ്യയിലേക്ക് മടങ്ങുന്നു
text_fieldsബർലിൻ: വിഷപ്രയോഗമേറ്റു ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി റഷ്യയിലേക്ക് മടങ്ങുന്നു. അദ്ദേഹത്തിന്റെ വക്താവ് കിര യർമിഷിന്റെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
വെന്റിലേറ്ററിന്റെ സഹായമില്ലാതെ തനിക്ക് ശ്വസിക്കാനാവുന്നുണ്ടെന്ന കുറിപ്പോടെ നവൽനി ആശുപത്രികിടക്കയിലെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. വിഷപ്രയോഗമേറ്റതിനു ശേഷം ആദ്യമായാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 'എനിക്ക് ഇപ്പോഴും കൂടുതലായൊന്നും ചെയ്യാൻ കഴിയില്ല, എന്നാൽ ഇന്നലെ ഒരു ദിവസം മുഴുവൻ സ്വതന്ത്രമായി ശ്വസിക്കാൻ കഴിഞ്ഞു- നവൽനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റഷ്യയിലേക്ക് മടങ്ങുന്നതല്ലാതെ മറ്റൊന്നിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വക്താവ് യർമിഷ് പറഞ്ഞു. 'എല്ലാ ദിവസവും രാവിലെ മാധ്യമപ്രവർത്തകർ ചോദിക്കുന്നു, അലക്സി റഷ്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നത് ശരിയാണോ എന്ന്. എല്ലാവരോടുമായി വീണ്ടും സ്ഥിരീകരിക്കുകയാണ്, റഷ്യയിലേക്ക് മടങ്ങുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ഒരിക്കലും പരിഗണനയിൽ വന്നിട്ടേയില്ല- യർമിഷ് ട്വിറ്ററിൽ കുറിച്ചു.
ആഗസ്റ്റ് 20നാണ് സൈബീരിയയിൽ നിന്നും മോസ്കോയിലേക്കുള്ള വിമാനത്തിൽ വെച്ചാണ് അലക്സിക്ക് വിഷബാധയേറ്റത്. വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ പിന്നീട് ജർമനിയിലേക്ക് മാറ്റുകയായിരുന്നു. വിമാനത്തിൽ വെച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ വിമാനം അടിയന്തരമായി നിലത്തിറക്കി ഓംസ്കിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസത്തിനുശേഷം വിദഗ്ധചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കിടക്കയിൽ നിന്ന് അൽപസമയത്തേക്ക് എഴുന്നേൽക്കാൻ അദ്ദേഹത്തിന് കഴിയന്നുണ്ടെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ബർലിനിലെ ആശുപത്രി അധികൃതർ വിശദീകരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിയെ പുടിൻ ഏർപ്പെടുത്തിയ ആളുകളാണ് വിഷപ്രയോഗം നടത്തിയതെന്ന് വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ പുടിനോട് അടുത്ത വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.