'ഒരാളെ ആക്രമിച്ചാൽ എല്ലാവരും ചേർന്ന് പ്രതിരോധിക്കണം'; നാറ്റോ നിയമാവലി ഇങ്ങനെ
text_fieldsകിഴക്കൻ പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ചെന്ന റിപ്പോർട്ടുകൾ ലോകത്തെ ഒരിക്കൽ കൂടി ആശങ്കയിലാക്കിയിരിക്കുകയാണ്. നാറ്റോ സൈനിക സഖ്യത്തിന്‍റെ നിയമാവലിയിലെ ആർട്ടിക്കിൾ അഞ്ചിൽ പറയുന്ന പ്രകാരമെങ്കിൽ, പോളണ്ടിൽ ആക്രമണം നടത്തിയത് റഷ്യയെങ്കിൽ കനത്ത വില നൽകേണ്ടിവരും. മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കപോലും ഉയർത്തിയതാണ് പോളണ്ടിൽ രണ്ട് പേർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം.
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ സൈനികസഖ്യം, യു.എസും പ്രധാന യൂറോപ്യൻ രാഷ്ട്രങ്ങളും ഉൾപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമാണ്. 1949ൽ നിലവിൽ വന്ന നാറ്റോയുടെ ആസ്ഥാനം ബെൽജിയത്തിലെ ബ്രസൽസാണ്. 12 രാഷ്ട്രങ്ങൾ ചേർന്ന് ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 30 അംഗരാഷ്ട്രങ്ങളുണ്ട്.
നാറ്റോയുടെ അംഗരാജ്യമാണ് പോളണ്ട്. നാറ്റോയുടെ നിയമാവലിയിലെ ആർട്ടിക്കിൾ അഞ്ച് പറയുന്നത് ഏതൊരു സഖ്യരാഷ്ട്രത്തിന് നേരെയുള്ള ആക്രമണവും മുഴുവൻ അംഗരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണ്ട് പ്രതിരോധിക്കണമെന്നാണ്. പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലാണെങ്കിൽ സാഹചര്യം ഗുരുതരമാകുന്നത് ഇക്കാരണത്താലാണ്. യുക്രെയ്ൻ നാറ്റോയിൽ അംഗത്വമെടുക്കാൻ പരിശ്രമം നടത്തുന്നതും റഷ്യ അതിനെ എതിർക്കുന്നതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ.
നാറ്റോ ആർട്ടിക്കിൾ നാല് പ്രകാരം അംഗരാജ്യങ്ങൾക്ക് സുരക്ഷയുമായി ബന്ധപ്പെട്ട ഏത് വിഷയവും സഖ്യത്തിന്‍റെ പരിഗണനയിലേക്ക് കൊണ്ടുവരാം. ഇങ്ങനെയൊരു അഭ്യർഥന നാറ്റോക്ക് മുന്നിൽ വെക്കണോയെന്നത് തങ്ങൾ പരിശോധിക്കുകയാണെന്നാണ് പോളണ്ട് അറിയിച്ചത്.
എന്നാൽ, പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലായിരിക്കണമെന്നില്ലായെന്ന യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവന മേഖലയിൽ പിരിമുറുക്കത്തിന് ആശ്വാസം നൽകുന്നുണ്ട്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും, മിസൈൽ തൊടുത്തത് റഷ്യയിൽ നിന്നാകണമെന്നില്ല, പൂർണമായും അന്വേഷിക്കുന്നതിന് മുമ്പ് അങ്ങനെ പറയാനാവില്ല എന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന.
പോളണ്ടും യുക്രെയ്നും ആരോപിക്കുന്നത് റഷ്യൻ മിസൈലാണ് പതിച്ചതെന്നാണ്. എന്നാൽ, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം. ഇന്തൊനേഷ്യയിലെ ബാലിയിൽ ജി-20 സമ്മേളനത്തിനിടെ നാറ്റോ കക്ഷികൾ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.