യുക്രെയ്ന് ആയുധ കൈമാറ്റം നിർത്തി പോളണ്ട്
text_fieldsവാഴ്സ: യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ സെലൻസ്കിക്കും കിയവിനും പുതിയ ഭീഷണിയായി അയൽക്കാരുമായി ധാന്യഇറക്കുമതി തർക്കം. വില കുറഞ്ഞ യുക്രെയ്ൻ ധാന്യങ്ങൾ വൻതോതിൽ എത്തുന്നത് സ്വന്തം രാജ്യത്തെ കർഷകരെ പ്രയാസത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ വർഷാദ്യത്തിൽ യൂറോപ്യൻ യൂനിയൻ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് വിലക്ക് നീക്കിയെങ്കിലും പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നിവ പഴയ നിലപാട് തുടർന്നു. ഇതോടെ, മൂന്ന് രാജ്യങ്ങൾക്കുമെതിരെ യുക്രെയ്ൻ നിയമപോരാട്ടത്തിന്റെ വഴി തേടി. അതിനിടെ, യു.എൻ പൊതുസഭയിൽ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഈ രാജ്യങ്ങൾ റഷ്യയെ സഹായിക്കുകയാണെന്ന് ആരോപിക്കുക കൂടി ചെയ്തതാണ് പോളണ്ടിനെ പ്രകോപിപ്പിച്ചത്.
റഷ്യൻ അധിനിവേശത്തെ തുടർന്ന് ഏറ്റവും കൂടുതൽ യുക്രെയ്ൻകാർ നാടുവിട്ടോടിയ രാജ്യമാണ് പോളണ്ട്. ഇപ്പോഴും അതിർത്തികളിൽ മൃദുസമീപനം തുടരുകയും നാറ്റോ ആയുധമൊഴുക്കിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന രാജ്യത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നീക്കമാണ് പ്രകോപനം ഇരട്ടിയാക്കിയത്.
രാജ്യത്തെ യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി കടുത്ത ഭാഷയിൽ പ്രതിഷേധമറിയിച്ച പോളണ്ട് ഇനി രാജ്യത്തിന്റെ ആയുധങ്ങൾ സ്വന്തം സുരക്ഷക്ക് മാത്രം ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു.
അതിനിടെ, യുദ്ധം തുടരുന്ന റഷ്യയും യുക്രെയ്നും എതിർ കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കി. ക്രിമിയയിൽ റഷ്യയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്ത യുക്രെയ്ൻ റഷ്യൻ നിയന്ത്രണത്തിലായിരുന്ന ബഖ്മൂതിലെ രണ്ടു പ്രധാന കേന്ദ്രങ്ങൾ തിരിച്ചുപിടിച്ചു. ഡ്രോൺ ആക്രമണങ്ങളിൽ മൂന്നു യുദ്ധക്കപ്പലുകളും തകർത്തിട്ടുണ്ട്.
സമാനമായി, യുക്രെയ്നിൽ തെക്ക് ഖേഴ്സൺ മുതൽ പടിഞ്ഞാറ് റിവ്നെ വരെ വിവിധ പട്ടണങ്ങളിൽ ആക്രമണം നടത്തിയ റഷ്യ തലസ്ഥാനനഗരമായ കിയവിലും ബോംബിട്ടു. ഖേഴ്സണിലെ ബോംബ് വർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇപ്പോഴും ആക്രമണം തുടരുന്നത് രാജ്യത്ത് അടിസ്ഥാന മേഖല തകർത്തതായി റിപ്പോർട്ടുകൾ പറയുന്നു. 400 ഓളം പട്ടണങ്ങളിൽ റോഡുകളുൾപ്പെടെ നാമാവശേഷമായത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.