തായ് ലന്‍ഡ് ജനാധിപത്യ പ്രക്ഷോഭം: മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം
text_fieldsബാങ്കോക്ക്: രാജ്യത്ത് തുടരുന്ന ജാനാധിപത്യ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ തായ്ലന്‍ഡ് സര്‍ക്കാറിന്റെ അന്വേഷണം. നാല് സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെക്കുറിച്ചും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഒരു ഗ്രൂപ്പിനെക്കുറിച്ചും പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ രേഖകളടക്കം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രണങ്ങള്‍ ലംഘിച്ച് രാജ്യസുരക്ഷയെയും ക്രമസമാധാന നിലയെയും ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രസ്തുത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായാണ് അന്വേഷണം സംബന്ധിച്ച പൊലീസിന്റെ രേഖയില്‍ പറയുന്നത്. വോയ്‌സ് ടി.വി, ദി റിപ്പോര്‍ട്ടേഴ്‌സ്, പ്രചതായ് തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ വിശദീകരണം നല്‍കുമെന്ന് പറഞ്ഞ പൊലീസ് കൂടുതല്‍ പ്രതികരണത്തിന് തയാറായിട്ടില്ല.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി മാധ്യമസ്ഥാപനങ്ങള്‍ രംഗത്തുവന്നു. മനുഷ്യാവകാശത്തെയും രാഷ്ട്രീയ സംഭവവികാസത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അഭിമാനമുണ്ടെന്നും അത് തുടരുമെന്നും പ്രചതായ് പ്രതികരിച്ചു.
പ്രതിഷേധത്തിന് വിലക്ക് അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടും ആയിരക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തെരുവുകളില്‍ വീണ്ടും നിറഞ്ഞിരുന്നു. 2014ല്‍ അട്ടിമറിക്ക് നേതൃത്വം നല്‍കി കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിലൂടെ സ്ഥാനം ഉറപ്പിച്ച പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒചയുടെ രാജിയാണ് ജനാധിപത്യ പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.