കവർന്നത് 400 കിലോ സ്വർണവും 2.5 മില്യൺ ഡോളറും; കാനഡയിൽ മണിഹീസ്റ്റ് മോഡൽ കവർച്ച
text_fieldsബ്രാംടൺ: നെറ്റ്ഫ്ലിക്സിലെ ഏറ്റവും പ്രശസ്തമായ സീരിസുകളിലൊന്നാണ് മണിഹീസ്റ്റ്. അതിവിദഗ്ധമായി സ്വർണവും പണവും കവരുന്ന സംഘത്തിന്റെ കഥയാണ് മണിഹീസ്റ്റ് പറഞ്ഞത്. ഇപ്പോൾ സമാനമായൊരു കവർച്ചയുടെ വാർത്തയാണ് കാനഡയിൽ നിന്നും വരുന്നത്.
കാനഡയിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ മോഷണത്തിൽ ഉൾപ്പെട്ട ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ അഞ്ച് പേർ കാനഡയിലും ഒരാൾ യു.എസിലുമാണ് പിടിയിലായത്. സ്വർണ്ണവും പണവും അടങ്ങുന്ന 22 മില്യൺ കനേഡിയൻ ഡോളർ മൂല്യം വരുന്ന കാർഗോയാണ് സംഘം കവർന്നത്.രണ്ട് എയർ കാനഡ ജീവനക്കാരും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്.
വ്യാജ എയർവേ ബില്ലുണ്ടാക്കി സ്വിറ്റ്സർലാൻഡിൽ നിന്നും വന്ന 400 കിലോ ഗ്രാം സ്വർണവും 2.5 മില്യൺ കനേഡിയൻ ഡോളർ മൂല്യം വരുന്ന വിദേശ കറൻസിയുമാണ് സംഘം കവർന്നത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിലെ പ്രതികൾ ഇപ്പോഴാണ് പിടിയിലാവുന്നത്. ടോറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് കാർഗോ ഇവർ തന്ത്രപരമായി കൈക്കലാക്കിയത്.
പിടിയിലായ പ്രതികളിൽ അഞ്ച് പേർ കാനഡയിലാണ് അറസ്റ്റിലായത്. നിലവിൽ ജാമ്യത്തിലുള്ള ഇവരുടെ വിചാരണ ഉടൻ നടക്കും. പ്രതികളിൽ ഒരാൾ യു.എസിലെ പെൻസിൽവാനിയയിൽ വെച്ചാണ് പിടിയിലായത്. ഇയാൾ ഇപ്പോഴും ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിലാവാനുണ്ടെന്നും ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചുവെന്നും കനേഡിയൻ പൊലീസ് അറിയിച്ചു.
കവർച്ചയിൽ പങ്കാളിയായ ജീവനക്കാരിൽ ഒരാളെ പുറത്താക്കിയെന്ന എയർ കാനഡ അറിയിച്ചു. മറ്റൊരാൾ നേരത്തെ തന്നെ കമ്പനി വിട്ടിരുന്നു. എയർ കാനഡ വിമാനത്തിൽ വന്ന സ്വർണം വിദഗ്ധമായി വിമാനത്തിൽ നിന്നും മോഷ്ടിച്ച് കാർഗോ സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വ്യാജ രേഖകളുണ്ടാക്കി അത് വിമാനത്താവളത്തിനുള്ളിൽ നിന്നും കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.