''എെൻറ കുഞ്ഞുമോളുടെ നാപ്പി വരെ പൊലീസ് പരിശോധിച്ചു'' -മരണം മണക്കുന്ന വഴികളിൽ പൊന്നുമക്കളെ മാറോടണച്ച് ഇവരുടെ പലായനം..
text_fieldsചെളിയും മഞ്ഞും കടന്ന് തെൻറ കുഞ്ഞനുജത്തിയെ ഒരു ഉന്തുവണ്ടിയിൽ വലിച്ചുനീങ്ങുകയാണ് ആ അഫ്ഗാൻ ബാലിക. സാമന് ആറു വയസ്സാണ് പ്രായം. കുഞ്ഞുദരിയക്ക് 10 മാസവും. ബോസ്നിയ കടന്ന് സെൻട്രൽ യൂറോപിലെ സുരക്ഷിത തീരങ്ങളിലേക്ക് പുറപ്പെട്ട ഇരുവരെയും അവരുടെ കുടുംബങ്ങളെയും ക്രൊയേഷ്യൻ െപാലീസിെൻറ നിർദയ കൈകൾ മടക്കിയത് 11 തവണ. അതിനിടെയാണ് ദരിയയുടെ നാപ്പിയും പൊലീസ് വിശദമായി പരിശോധിച്ചത്. ഫോണോ പണമോ നാപ്പിയിൽ ഒളിപ്പിച്ചോ എന്നാണ് അറിയേണ്ടത്. ''മുതിർന്ന ഒരുവളെ എന്ന പോലെയായിരുന്നു അവരുടെ പരിശോധന. എെൻറ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല''- ഒരു വടി കുത്തിപ്പിടിച്ച് ചെളിയിലൂടെ മുടന്തിനീങ്ങിയ 40 കാരിയായ മാതാവ് മറിയമിെൻറ വാക്കുകൾ.
ഒറ്റക്കു നടന്നും മാതാപിതാക്കളുടെ തോളത്തേറിയും ബോസ്നിയയിലെ അവസാന ഗ്രാമമായ ബോസൻക ബോയ്നക്കു ചുറ്റുമുള്ള വനാതിർത്തിവഴി ക്രൊയേഷ്യയിലേക്ക് കടക്കാൻ ശ്രമം തുടരുന്ന ദരിയയൂം അവളെ പോലുള്ള ഒരു ഡസൻ കുഞ്ഞുങ്ങളും അനുഭവിക്കുന്ന മഹാപീഡകൾ അന്വേഷിക്കാൻ ഞങ്ങളും ഇറങ്ങി. ഒട്ടും സ്നേഹം തിരിച്ചുനൽകാത്തവരെങ്കിലും സെൻട്രൽ യൂറോപ് ലക്ഷ്യമിട്ടായിരുന്നു അവരുടെ യാത്ര. അത്യപൂർവം കുടുംബങ്ങളേ കര പിടിക്കാറുള്ളൂ. ഏറെ പേരെയും ക്രൊയേഷ്യൻ പൊലീസ് തടയും. വിശദ പരിശോധന നടത്തും. കിട്ടിയതെല്ലാം അവർ കൊണ്ടുപോകും. വാക്കുകൊണ്ട് നടന്നില്ലേൽ ബലം പ്രയോഗിച്ചും ബോസ്നിയയിലേക്ക് ഇവരെ തിരിച്ചോടിക്കും. ഇവിടെ മരംകോച്ചും തണുപ്പിൽ കാത്തിരിക്കുന്നതാകട്ടെ, വെള്ളവും വൈദ്യുതിയുമില്ലാതെ ആയിരക്കണക്കിന് കുടുംബങ്ങൾ..
കഴിഞ്ഞ ഡിസംബറിലായിരുന്നു ബോസ്നിയയിലെ ഒരു കുടിയേറ്റ ക്യാമ്പിൽ അഗ്നി പടർന്നത്. അതോടെ കാര്യങ്ങൾ പിന്നെയും കൈവിട്ടു. 'ബോസ്നിയയിലുള്ള മൊത്തം 8,000 കുടിയേറ്റക്കാരിൽ 2,000 പേർ ആരോരുമില്ലാതെ കഴിയുന്നത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും താത്കാലിക തമ്പുകളിലും പിന്നെ വനങ്ങളിലും''- ഡാനിഷ് റഫ്യൂജി കൗൺസിൽ ഡയറക്ടർ നിെകാള ബേ പറയുന്നു. ''കുടുംബസമേതം കഴിയുന്നവരുണ്ട്. കുട്ടികളുണ്ട്. കൂട്ടിന് ആരുമില്ലാതെ ചെറിയ കുഞ്ഞുങ്ങൾ വരെ കാണാം- പേരിനു പോലും അഭയകേന്ദ്രങ്ങളില്ലാത്തവർ. അടിസ്ഥാന സേവനങ്ങൾ കിട്ടാനില്ല. ആരോഗ്യപരിരക്ഷ അറിഞ്ഞിട്ടുപോലുമുണ്ടാകില്ല''- ബേയുടെ വാക്കുകൾ.
2020ൽ മാത്രം 800 കുട്ടികളെയാണ് ക്രൊയേഷ്യൻ പൊലീസ് തിരിച്ചോടിച്ചത്, ആറു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ വരെയുണ്ട് അതിൽ. ക്രൊയേഷ്യയെയും ബോസ്നിയയെയും അതിരിട്ടുനിൽക്കുന്ന ഗ്രാമങ്ങളിൽ കഴിയുന്ന കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും എണ്ണം കഴിഞ്ഞ മാസങ്ങളിൽ കുത്തനെ കൂടുകയാണെന്ന് കണക്കുകൾ പറയുന്നു.
ഇവരേറെയും വരുന്നത് ഗ്രീസിൽനിന്നാണ്. കുടിയേറ്റക്കാർക്ക് സർക്കാർ നടപടികളെല്ലാം വഴിമുടക്കി ഗ്രീസ് അടുത്തിടെ അംഗീകാരം നൽകിയ നിയമം നടപ്പായതോടെയാണ് കൂടുതൽ കുഴമറിഞ്ഞത്. കാത്തിരുന്ന് ജീവിതം കൈവിടുമെന്നായപ്പോൾ സെൻട്രൽ യൂറോപിലെവിടെയെങ്കിലും കരപിടിക്കാമെന്ന മോഹവുമായാണ് ഏറെ പേരും ഇപ്പോൾ യാത്ര തുടരുന്നത്.
''ഗ്രീസ് വിട്ട് ബാൾക്കൻ പാതകളിലൂടെ യൂറോപ്പിലെ മറ്റു തീരങ്ങൾ പിടിക്കാൻ പുറപ്പെടുന്നത് എന്തിനെന്ന് കൃത്യമായി പറയാനൊക്കില്ല''- പറയുന്നത് ഗ്രീസിലെ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് (എം.എസ്.എഫ്) പ്രതിനിധി സ്റ്റീഫൻ ഒബെറീറ്റ്. ''പക്ഷേ, അഭയം നൽകുന്ന നടപടികളിലെ മെല്ലെപ്പോക്കും കുടുംബവുമായി ചേരാൻ സാധിക്കാതെ വരുന്നതും മുതൽ അരിഷ്ടതകൾ മാത്രം തൂങ്ങിയാടുന്ന ജീവിതവും സംരക്ഷണമില്ലായ്മയും മനുഷ്യർക്കൊപ്പം സാധാരണ ജീവിതം തുടങ്ങാനുള്ള മോഹം വരെ പലതാണ് കാരണങ്ങൾ''.
അതികഠിനമാണ് ഇൗ യാത്രകൾ. മലനിരകൾ താണ്ടണം, മഞ്ഞുപുതച്ച വനഭൂമികൾ മുറിച്ചുകടക്കണം. എന്നിട്ടോ, അവസാന അഭയമാകാൻ ഒരിടവും ഇല്ലാത്തവർ. ബോസൻസ്ക ബോജ്നയിലെ ഉപേക്ഷിക്കപ്പെട്ടതോ പാതി തകർന്നതോ ആയ കെട്ടിടങ്ങളിൽ കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ട ഈ പാവം കുഞ്ഞുങ്ങളിലേറെയും പിറവി കൊണ്ടത് ദുരിതം കടക്കാനുന്ന യാത്രകളിലെപ്പോഴോ ആകും. അതിലൊരുവളാണ് 'ദരിയ'. കടലോ പുഴയോ എന്നൊക്കെയാകും ദരിയ എന്ന പേരിന്‍റെ അർഥം. കുഞ്ഞുദരിയയിപ്പോൾ പക്ഷേ, ദുരിതങ്ങളുടെ കടലാഴങ്ങളിലാണെന്നു മാത്രം. വടക്കൻ അഫ്ഗാനിസഥാനിലെ കുന്ദൂസ് സ്വദേശിയായ 52 കാരൻ ഹസനാണ് പിതാവ്. യുദ്ധം കൊഴുത്ത നാട്ടിൽനിന്ന് ആറു മക്കളെയും കൈപിടിച്ച് നാടുവിട്ടിറങ്ങിയതാണ് ഈ കുടുംബം. നാട്ടിൽ യുദ്ധമുണ്ടാക്കിയില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഈ കാട്ടിനു നടുവിൽ പെടില്ലായിരുന്നു തെൻറ കുടുംബമെന്ന് ഹസൻ പറയുന്നു.
''സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ക്രൊയേഷ്യൻ പൊലീസ് ശാരീരിക അതിക്രമങ്ങൾ പതിവില്ലെങ്കിലും മാനസിക പീഡനവും തെറിവിളിയും അപമാനവും വേണ്ടുവോളമാണെന്ന് പറയുന്നു, 'ബോർഡർ വയലൻസ് മോണിറ്ററിങ് നെറ്റ്വർക് (ബി.വി.എം.എൻ) എന്ന സംഘടന. 2019 ഒക്ടോബർ 16ന് അതിർത്തി കടക്കവെ ക്രൊയേഷ്യയിലെ ഗ്ലിന ഗ്രാമത്തിൽ തടഞ്ഞുനിർത്തിയ സിറിയൻ, ഫലസ്തീനിയൻ കുടുംബങ്ങൾ വസ്ത്രമുരിയാൻ നിർബന്ധിതരായി. കുട്ടികളെയും അവർ പരിശോധിച്ചു. കുട്ടികളുടെ ഡയപറുകൾ വരെ ഊരി. രാത്രിയുടെ ഇരുട്ടിൽ വസ്ത്രം പോലും നിഷേധിക്കപ്പെട്ട് രണ്ടു കുടുംബങ്ങൾ. സമാനമായി, പണവും ഫോണും തെരഞ്ഞ് ചില പുരുഷ ഉദ്യോഗസ്ഥർ ശരീരം തൊട്ടതിെൻറ നീറ്റൽ പങ്കുവെക്കുന്നു, ഒരു അഫ്ഗാൻ വനിത. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അവർ പരിശോധിച്ചു.
പ്രായമെത്താത്ത പെൺകുട്ടികളെ ക്രൊയേഷ്യൻ പൊലീസ് വിവസ്ത്രരാക്കുന്ന നിരവധി ഉദാഹരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നിക്കൊള ബേ പറയുന്നു. പൊതിയാനെന്നു പറഞ്ഞ് ഒരു പുതപ്പ് നൽകും. പക്ഷേ, എല്ലാം തുറന്നുകാട്ടുന്നതാകും ഈ പുതപ്പുകൾ. കുട്ടികൾക്ക് മുമ്പിൽ അടിയും തൊഴിയുമേറെ കിട്ടിയ അമ്മമാരും അനവധി. ചിലപ്പോൾ അവരെ ആട്ടിയോടിക്കും.
'അവസാനം പിറകോട്ടുതന്നെ പായിക്കുംനേരം നാലു വയസ്സുകാരൻ ബിലാൽ പൊലീസിനോട് ഇത്തിരി വെള്ളം ചോദിച്ച അനുഭവം മറിയം ഗാർഡിയൻ പത്രവുമായി പങ്കുവെക്കുന്നുണ്ട്. അതുനിരസിച്ചുവെന്ന് മാത്രമല്ല, തല്ലിയോടിക്കുക കൂടി ചെയ്തായിരുന്നു പൊലീസിെൻറ പ്രതികാരം. അതുകഴിഞ്ഞ് മാതാവിനും കിട്ടി തൊഴി. നിലത്തുമറിഞ്ഞുവീണിടത്തുനിന്ന് എഴുന്നേറ്റാണ് തിരിഞ്ഞുനടന്നത്. പക്ഷേ, ഇനിയും പറ്റിയാൽ അതിർത്തി കടന്ന് യൂറോപിലെ സുരക്ഷിത തീരങ്ങൾ പിടിക്കണമെന്നു തന്നെയാണ് ഇവർക്കു മോഹം.
ബോസൻസ്ക ബോജ്നയിൽനിന്ന് കുട്ടികളും പരിവാരവുമായി കുടുംബങ്ങൾ പോകുംവഴി കണ്ട ആറു വയസ്സുകാരൻ പറഞ്ഞത്, ''ഇന്ന് ഞങ്ങൾ 'കളിക്ക്' പോകുകയാണ്' എന്നാണ്. ബോസ്നിയയിൽനിന്ന് ക്രൊയേഷ്യയിലേക്കും അവിടെനിന്ന് മറ്റിടങ്ങളിലേക്കുമുള്ള യാത്രകളാണ് 'കളികൾ'. മക്കളിൽ സാഹസ മനസ്സ് നൽകാനാണ് കളി എന്ന പദം മാതാപിതാക്കൾ പറഞ്ഞുപഠിപ്പിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് ഈ കുടുംബങ്ങളുടെ ലക്ഷ്യം. മലനിരകളെത്തുേമ്പാൾ പ്രചോദിപ്പിച്ച് മാതാപിതാക്കളുണ്ടാകും. ചിലപ്പോൾ പിറകെയോടും, ചിലപ്പോൾ മരംകയറും.
ഒരിക്കലൂടെ പൊലീസ് മടക്കിയാൽ ബൊസാൻസ്ക ബോജ്ന ഗ്രാമത്തിൽ തിരിച്ചെത്തിയാൽ അവരുടെ മുഖത്തുവായിക്കാം, കഴിഞ്ഞതൊന്നും കളിയായിരുന്നില്ലെന്ന്. ഗുരുതര പീഡനങ്ങളുടെ കടലേഴും താണ്ടുന്ന കുഞ്ഞുങ്ങളിലിപ്പോൾ വിഷാദം, ഉത്കണ്ഠ, സമ്മർദം തുടങ്ങി മാനസിക പ്രശ്നങ്ങളുടെ പെരുക്കമാണെന്ന് പറയുന്നു, മുൻനിര സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഓഫ് ദി വേൾഡിലെ ടാറ്റിയാന ഒലിവേറൊ.
33 കാരിയായ കാബൂൾ സ്വദേശിനി സുഹ്റയോട് ചോദിച്ചാലറിയാം, സ്വന്തം കുഞ്ഞുങ്ങളുടെ ദുരിത പർവം. ''അതിർത്തി കടക്കാൻ ഇറങ്ങുേമ്പാൾ കുഞ്ഞുങ്ങൾ അരുതെന്നു പറയും, കരയും. പൊലീസ് മടക്കുന്നതാണ് അവർക്കു പേടി. ചിലപ്പോൾ തൊഴിയും കിട്ടും''. 2016ൽ റമദാൻ മാസം നടന്ന ഒരു ബോംബ് ആക്രമണത്തിൽ സുഹ്റക്ക് നഷ്ടമായത് ഏഴുവയസ്സുകാരൻ മകനെ. 11 കാരൻ നൗറീൻ ഒരു വശം തളർന്നു കിടപ്പിലായി. കഴിഞ്ഞ നവംബറിൽ മാത്രം കാബൂളിൽ അക്രമികൾ നടത്തിയ ബോംബ് ആക്രമണ പരമ്പരയിൽ ജീവൻ പൊലിഞ്ഞത് 88 പേർക്ക്. 193 പേർക്ക് പരിക്കേറ്റു. ഒരാഴ്ച മുഴുക്കെ പലവട്ടം ശ്രമിച്ചിട്ടും അതിർത്തി കടക്കാനായത് രണ്ടു കുടുംബങ്ങൾക്കു മാത്രമെന്ന് ഗാർഡിയൻ സംഘം പറയുന്നനു. ദരിയയുടെ കുടുംബം അവസാനം സഗ്രെബിലെത്തി.
ഇത് ഒരു നാട്ടിലെ മാത്രം കഥയല്ല. െസ്ലാവേനിയ, ഇറ്റലി തുടങ്ങിയ നാടുകളിലും ഇതുതന്നെ ആവർത്തിക്കുന്നു. റോമിലെ ഒരു കോടതി അടുത്തിടെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് ഇതുപോലെ 700 കുടുംബങ്ങളെ തടഞ്ഞ നടപടി. സംഭവം അന്വേഷിക്കുമെന്ന് ക്രൊയേഷ്യൻ ആഭ്യന്തര മന്ത്രാലയം ഗാർഡിയൻ സംഘത്തോടും പറഞ്ഞിരുന്നു. വിഷയം പഠിക്കാൻ യൂറോപ്യൻ പാർലമെൻറ് സംഘം അതിർത്തിയിലെത്താൻ തീരുമാനമെടുത്തിട്ടുണ്ട്. ക്രൊയേഷ്യൻ പൊലീസിെൻറ അതിക്രമങ്ങൾ പരിശോധിക്കുകയാണ് അവരുടെ ലക്ഷ്യം.
ഇതിെൻറ ഭാഗമായി ഇറ്റാലിയൻ സോഷ്യലിസ്റ്റ്, ഡെമോക്രാറ്റ് പാർലമെൻറ് പ്രതിനിധികൾ സഗ്രബിലെത്തിയിരുന്നു. ബോസ്നിയൻ അതിർത്തിയിലെത്തി കാര്യങ്ങളറിയുകയായിരുന്നു അവരുടെ ലക്ഷ്യം. എല്ലാം നേരിട്ടു കണ്ട ശേഷം അവരുടെ പ്രതികരണം ഇങ്ങനെ: ''ഗുരുതരമാണീ കൃത്യം. കീഴ്വഴക്കങ്ങളില്ലാത്തത്''.
(കടപ്പാട്: theguardian.com മൊഴിമാറ്റം: കെ.പി മൻസൂർ അലി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.