വടക്കൻ ഗസ്സയിൽ പോളിയോ വാക്സിനേഷൻ പുനഃരാരംഭിച്ചു
text_fieldsഗസ്സ സിറ്റി: രണ്ട് ഘട്ട പോളിയോ വാക്സിനേഷൻ കാമ്പയിനിന്റെ അവസാന ഘട്ടം ശനിയാഴ്ച വടക്കൻ ഗസ്സയിൽ ആരംഭിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തീവ്രമായ ഇസ്രായേൽ ബോംബാക്രമണം, വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ, മേഖലയിലേക്ക് പ്രവേശനമില്ലായ്മ എന്നിവ കാരണം ഒക്ടോബറിലെ രണ്ടാംഘട്ടം യു.എൻ ഏജൻസികൾ മാറ്റിവെച്ചതായിരുന്നു.
ഗസ്സയിൽ 25 വർഷത്തിനിടെ പോളിയോയുടെ ആദ്യ കേസ് ആഗസ്റ്റിൽ രേഖപ്പെടുത്തിയതാണ് വാക്സിനേഷൻ ആരംഭിക്കാൻ കാരണമായത്. ഗസ്സ സിറ്റിയിൽ വാക്സിനേഷനുകൾ പുനഃരാരംഭിക്കാൻ ഇസ്രായേൽ ആക്രമണത്തിന്റെ താൽക്കാലിക വിരാമത്തിന് സമ്മതിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മൂന്ന് ദിവസമാണ് കാമ്പയ്ൻ.
വടക്കൻ ഗസ്സയിലുടനീളമുള്ള പട്ടണങ്ങളായ ജബലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങളിൽ 10 വയസ്സിന് താഴെയുള്ള ഏകദേശം 15,000 കുട്ടികൾ ഇപ്പോഴും വാക്സിനേഷൻ കാമ്പെയ്ന്റെ ഭാഗമാകാൻ കഴിയാതെ നിൽക്കുകയാണെന്നും ഏജൻസി പറഞ്ഞു. പ്രദേശത്തെ 119,000 കുട്ടികൾക്ക് ഓറൽ പോളിയോ വാക്സിൻ രണ്ടാം ഡോസ് നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 1നും 12നും ഇടയിൽ തെക്ക്, മധ്യ, വടക്കൻ ഗസ്സയിൽ മൂന്ന് ഘട്ടങ്ങളിലായി 10 വയസ്സിന് താഴെയുള്ള 559,000 കുട്ടികളിൽ വാക്സിനേഷൻ കാമ്പെയ്നിന്‍റെ ആദ്യ റൗണ്ട് വിജയകരമായി നടന്നു. ഈ സമയത്ത് ഇസ്രായേലും ഫലസ്തീനിയൻ ഗ്രൂപുകളും പ്രാദേശിക ‘മാനുഷിക വിരാമങ്ങൾ’ അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.