യു.എസ് രക്ഷപ്പെട്ടത് ആഭ്യന്തര കലാപത്തിൽ നിന്നെന്ന് രാഷ്ട്രീയ നിരീക്ഷകൻ
text_fieldsബോസ്റ്റൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി രംഗത്തുള്ള ഡോണൾഡ് ട്രംപ് വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ യു.എസ് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകൻ. ലോവലിലെ മാസാചുസെറ്റ്സ് സർവകലാശാലയിൽ സുരക്ഷ പഠന വിഭാഗം ഡയറക്ടറും ക്രിമിനോളജി, ജസ്റ്റിസ് പ്രഫസറുമായ ഏരി പെർലിഗറാണ് ട്രംപിനെതിരായ ആക്രമണം അമേരിക്കൻ സമൂഹത്തിലുണ്ടാക്കുമായിരുന്ന ആഘാതത്തെക്കുറിച്ച് നിരീക്ഷണം പങ്കുവെച്ചത്.
ട്രംപ് കൊല്ലപ്പെടുകയോ മാരകമായി പരിക്കേൽക്കുകയോ ചെയ്തിരുന്നെങ്കിൽ മുമ്പത്തെക്കാൾ രൂക്ഷമായ ആക്രമണത്തിന് യു.എസ് സാക്ഷിയാകുമായിരുന്നു. രാജ്യം കാലങ്ങളായി കാണാത്ത തരത്തിലുള്ള അമർഷത്തിലേക്കും നിരാശയിലേക്കും ശത്രുതയിലേക്കും നീങ്ങുമായിരുന്നെന്നും യു.എസിലെ വധശ്രമങ്ങളെയും രാഷ്ട്രീയ ആക്രമണങ്ങളെയും കുറിച്ച് പഠനം നടത്തിയ പെർലിഗർ പറഞ്ഞു.
യാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങളെ മൊത്തം മുന്നോട്ടുനയിക്കുന്ന അസാധാരണ വ്യക്തിത്വമായാണ് ട്രംപിനെ പലരും കാണുന്നത്. അദ്ദേഹത്തെ ഇല്ലാതാക്കുന്നതോടെ വലതുപക്ഷ രാഷ്ട്രീയത്തെ തന്നെ തുടച്ചുനീക്കാമെന്ന ധാരണയാണ് വധശ്രമത്തിന് പിന്നിൽ.
2016ൽ ട്രംപ് ആദ്യമായി പ്രസിഡന്റായതോടെ യാഥാസ്ഥിതിക രാഷ്ട്രീയം രാജ്യത്തിന്റെ പലഭാഗത്തും ജനകീയമായി. ട്രംപ് മാറിനിന്നാൽ പോലും അദ്ദേഹം മുന്നോട്ടുവെച്ച ജനകീയ ആശയങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയെ വിട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.