രാഷ്ട്രീയാഭയം, തടവ്; ഒടുവിൽ മോചനം
text_fieldsലണ്ടൻ: 2006ൽ വിക്കിലീക്സ് സ്ഥാപിച്ചതോടെയാണ് ജൂലിയൻ അസാൻജ് പ്രശസ്തിയിലേക്ക് ഉയർന്നത്. ആളുകൾക്ക് രേഖകളും വിഡിയോകളും അജ്ഞാതമായി സമർപ്പിക്കാനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് അദ്ദേഹം തയാറാക്കിയത്.
2010 ൽ അമേരിക്കയെ ഞെട്ടിച്ച് നിരവധി രേഖകളാണ് പുറത്തുവിട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവിൽ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അസാൻജ് അമേരിക്കയുടെ കണ്ണിലെ കരടായി.
വിവിധ രാജ്യങ്ങളിലെ അമേരിക്കൻ എംബസികൾ നടത്തിയ ചാരപ്രവർത്തനങ്ങളും എംബസി ഉദ്യോഗസ്ഥർ സമർപ്പിച്ച രേഖകളും വിക്കിലീക്സിലൂടെ പുറത്തുവന്നു. 2007ൽ ബാഗ്ദാദിൽ അമേരിക്കൻ സൈന്യം നടത്തിയ അപ്പാച്ചെ ഹെലികോപ്റ്റർ ആക്രമണത്തിൽ രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 11 പേരെ കൊലപ്പെടുത്തിയതിന്റെ വിഡിയോയും ഫയലുകൾ ഉൾപ്പെടെ ഇത്തരത്തിൽ പുറത്തുവന്നു.
2016ൽ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരുടെ ഇ മെയിലുകൾ വിക്കിലീക്സ് പ്രസിദ്ധീകരിച്ചതിനെതുടർന്ന് അസാൻജ് വീണ്ടും വാർത്തകളിൽ ഇടംനേടി.
ഇ മെയിലുകൾ റഷ്യൻ ഇന്റലിജൻസ് മോഷ്ടിച്ചതാണെന്നും ഡൊണാൾഡ് ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും യു.എസ് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. 2010ൽ അസാൻജിനെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകളിൽ സ്വീഡൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അസാൻജിനെ സ്വീഡന് കൈമാറാൻ യു.കെ കോടതി വിധിച്ചതോടെ അദ്ദേഹം 2012 ൽ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയംതേടി. തുടർന്ന് ഏഴ് വർഷത്തോളം എംബസിയിലാണ് കഴിച്ചുകൂട്ടിയത്.
2017ൽ സ്വീഡിഷ് അധികൃതർ അസാൻജിനെതിരായ ആരോപണങ്ങൾ ഒഴിവാക്കി. 2019 ൽ ഇക്വഡോർ രാഷ്ട്രീയ അഭയം അവസാനിപ്പിച്ചു. തുടർന്ന് യു.എസ് ആവശ്യത്തിൽ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു.
2021ൽ, ഒരു യു.കെ കോടതി അസാൻജിനെ യുഎസിന് കൈമാറാമെന്ന് വിധിവന്നെങ്കിലും ഈ വർഷം ആദ്യം വിധിക്കെതിരെ അപ്പീലിനുള്ള അവകാശം അദ്ദേഹം നേടുകയായിരുന്നു.
175 വർഷംവരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളാണ് അമേരിക്ക അദ്ദേഹത്തിനെതിരെ ചുമത്തിയത്. ജാമ്യത്തിനുള്ള ധാരണയനുസരിച്ച് കുറ്റം സമ്മതിച്ചതോടെ നാടുകടത്താനുള്ള അപേക്ഷ ഉപേക്ഷിക്കപ്പെടുമെന്നാണ് കരുതുന്നത്. മറ്റ് ആരോപണങ്ങളും നേരിടേണ്ടിവരില്ല. അമേരിക്കയിലേക്ക് പോകുന്നതിൽ അസാൻജ് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആസ്ട്രേലിയക്കടുത്തുള്ള സായ്പാനിലെ കോടതിയിൽ ഹാജരാകാൻ അനുമതി നൽകിയത്.
ഫെബ്രുവരിയിൽ യുഎസ്, യു.കെ സർക്കാറുകളോട് അസാൻജിനെ ജന്മനാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആസ്ട്രേലിയൻ പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.