Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനയിക്കാൻ പോവുന്നത്...

നയിക്കാൻ പോവുന്നത് ‘പാവപ്പെട്ടവരുടെ ബാങ്കർ’; ഇത് ബംഗ്ലാദേശി​ന്‍റെ പുതിയ ഉദയമാവുമോ?

text_fields
bookmark_border
നയിക്കാൻ പോവുന്നത് ‘പാവപ്പെട്ടവരുടെ ബാങ്കർ’;   ഇത് ബംഗ്ലാദേശി​ന്‍റെ പുതിയ ഉദയമാവുമോ?
cancel

‘നിങ്ങൾ സങ്കൽപിച്ചാൽ എന്നെങ്കിലും അത് സംഭവിക്കും. നിങ്ങൾ സങ്കൽപ്പിക്കുന്നില്ലെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല’.
സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസി​ന്‍റെ പ്രിയപ്പെട്ട ഉദ്ധരണിയാണിത്. ‘യൂനുസ് സെന്‍ററി’​ന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സ്വാഗത വാക്യം. ബംഗ്ലാദേശ് കടുത്ത പ്രതിസന്ധിയിലായ ഈ വേളയിൽ അദ്ദേഹത്തി​ന്‍റെ സ്വന്തം ജീവിതത്തിൽതന്നെ ഈ വരികൾ യാഥാർത്ഥ്യമായി ഭവിച്ചിരിക്കുന്നു!

മൈക്രോ ക്രെഡിറ്റ് സ്ഥാപനമായ ‘ഗ്രാമീൺ ബാങ്കി’​ന്‍റെ സ്ഥാപകനായ മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീന ഗവൺമെന്‍റി​ന്‍റെ പതനത്തിനുശേഷം രാജ്യത്തെ നയിക്കുന്ന ഇടക്കാല സർക്കാറി​ന്‍റെ തലവനാകുമെന്ന് ബംഗ്ലാദേശ് പ്രസിഡന്‍റി​ന്‍റെ ഓഫിസിൽനിന്നും അറിയിപ്പു വന്നിരിക്കുകയാണ്. ഹസീനക്കെതിരായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ആന്‍റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്‍റ് മൂവ്‌മെന്‍റി​ന്‍റെ കോഓർഡിനേറ്റർമാർ ഇടക്കാല സർക്കാറി​ന്‍റെ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിക്കാൻ യൂനുസിനെ ക്ഷണിച്ചിരിക്കുന്നു. ഔപചാരികമായ പ്രഖ്യാപനത്തോടെ യൂനുസി​ന്‍റെ 17 വർഷത്തെ സ്വപ്‌നം സഫലമായിരിക്കുകയാണ്.

ആഗോളതലത്തിൽ ‘പാവങ്ങളുടെ ബാങ്കർ’ എന്നറിയപ്പെടുന്ന യൂനുസ് പുതിയ രാഷ്ട്രീയ ഉദയത്തിനായി 2007ൽ ‘നാഗോരിക് ശക്തി’ അഥവാ ‘സിറ്റിസൺ പവർ’ എന്ന പേരിൽ ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. 2006നും 2008നും ഇടയിൽ സൈന്യത്തി​ന്‍റെ പിന്തുണയുള്ള ഒരു ഇടക്കാല ഗവൺമെന്‍റി​ന്‍റെ കീഴിൽ ‘മൈനസ് ടു’ എന്ന സിദ്ധാന്തം ബംഗ്ലാദേശിൽ അലയടിച്ചു. അവാമി ലീഗി​ന്‍റെ ഷെയ്ഖ് ഹസീനയുടെയും ബി.എൻ.പിയുടെ ബീഗം ഖാലിദ സിയയുടെയും പിടിയിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ പരാമർശിക്കുന്ന സിദ്ധാന്തമാണ് മൈനസ് ടു. ഈ രണ്ടു വനിതകളും ജയിലഴിക്കകത്തായിരുന്ന സമയത്തായിരുന്നു 2007ൽ യൂനുസി​ന്‍റെ ഈ നീക്കം. അദ്ദേഹത്തിന് സൈന്യത്തിലെ ഒരു വിഭാഗത്തി​ന്‍റെ പിന്തുണയുമുണ്ടായിരുന്നു. യൂനുസ് ഉയർന്ന തലത്തിൽ ജോലിക്ക് തയ്യാറാണെന്ന ഊഹാപോഹങ്ങളും അന്ന് പ്രചരിച്ചു. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തി​​ന്‍റെ ശ്രമം അധികനാൾ നീണ്ടുനിന്നില്ല. ഒരു രാഷ്ട്രീയക്കാരനായി ബൂട്ടിട്ടു നടന്നുതുടങ്ങി.

രാഷ്ട്രീയത്തിലേക്കുള്ള ശ്രമം അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായി ബൂട്ടിട്ടു നടന്നുതുടങ്ങി. ബംഗ്ലാദേശിലെ രാഷ്ട്രീയ ആംഫിതിയേറ്ററിൽ പങ്കാളിത്തം വഹിക്കാനുള്ള അഭിലാഷം ഹസീനയുമായുള്ള ബന്ധം വഷളാക്കി. ഇതെതുടർന്ന്, തൊഴിൽ നിയമ ലംഘനവും സാമ്പത്തിക ക്രമക്കേടും ഉൾപ്പെട്ട കേസുകളിൽ അദ്ദേഹത്തെ അകപ്പെടുത്തി. ജയിലിലടക്കുകപോലും ചെയ്തു. ‘ബംഗ്ലാദേശ് അതി​ന്‍റെ ഏറ്റവും പ്രശസ്തനായ പുത്രനെ അപമാനിച്ചുവെന്നായിരുന്നു’ സഹായികളിൽ ഒരാൾ ഇതെക്കുറിച്ച് പറഞ്ഞത്. എന്നാൽ, പതിനേഴു വർഷംകൊണ്ട് ബംഗ്ലാ രാഷ്ട്രീയത്തിലെ ത​ന്‍റെ ഭാഗധേയം അദ്ദേഹം നിർണയിച്ചു. ഇന്നിപ്പോൾ ഭരണവിരുദ്ധ പ്രക്ഷോഭ വേലിയേറ്റം ഈ 84കാരന് അനുകൂലമായി മാറിയിരിക്കുന്നു.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾക്കിടയിൽ, യൂനുസി​ന്‍റെ പേരിന് എന്തുകൊണ്ടായിരിക്കണം മുൻതൂക്കം വന്നത്? പുരോഗമനവാദിയും വർഗീയതയില്ലാത്തവനുമായി അറിയപ്പെടുന്നതിനാൽ അവർക്ക് അദ്ദേഹത്തി​ന്‍റെ ബ്രാൻഡ് മൂല്യം ആവശ്യമാണെന്നാണ് ഒരു മുൻ ബംഗ്ലാദേശ് നയതന്ത്രജ്ഞൻ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ബ്ലംഗ്ലാദേശുകാരനാണ് യൂനുസെന്നും ബംഗ്ലാദേശ് അംബാസഡർ എന്ന നിലയിലുള്ള ത​ന്‍റെ യോഗ്യതാപത്രങ്ങൾ കൊളംബിയയുടെ പ്രസിഡന്‍റിനു മുന്നിൽ സമർപ്പിച്ചപ്പോൾ ‘എ​ന്‍റെ സുഹൃത്ത് യൂനുസ് ഇ​പ്പോൾ എങ്ങനെയിരിക്കുന്നു’ വെന്ന് തന്നോട് തിരക്കിയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിലെ യൂനുസി​ന്‍റെ പശ്ചാത്തലം ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും മുൻ നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു. യു.എസിലെ വാൻഡർബിൽറ്റ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ യൂനുസ് മർഫ്രീസ്ബോറോയിലെ മിഡിൽ ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും പിന്നീട് ചിറ്റഗോംഗ് സർവകലാശാലയിലും അധ്യാപകനായി.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും തീവ്ര ഇസ്‍ലാമിസ്റ്റുകൾ മുതൽ മതേതര ലിബറലുകൾ വരെയുള്ള വിഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുടെ സങ്കലനമായ ഒരു ഇടക്കാല സർക്കാറിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് വലിയ ചോദ്യം. ചർച്ചാ വൈദഗ്ധ്യവും അന്താരാഷ്ട്ര പ്രശസ്തിയും ഉപയോഗിച്ച് രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനാവുമെന്നാണ് യൂനുസിനെ പിന്തുണക്കുന്നവരുടെ പ്രതീക്ഷ.

അവാമി ലീഗ് വിജയിച്ചുവെങ്കിലും 1996ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിനു പിന്നാലെ യൂനുസ് ഉപദേശകനായിരുന്ന ഒരു ഇടക്കാല സർക്കാറി​​ന്‍റെ കീഴിലാണ് രാജ്യം ഉണ്ടായിരുന്നതെന്ന് ബംഗ്ലാദേശി​ന്‍റെ മുൻ വിദേശകാര്യ സെക്രട്ടറി ഷംഷേർ മൊബിൻ ചൗധരി പറഞ്ഞു. അന്നത്തെ കടുത്ത മത്സരത്തിൽ ബി.എൻ.പി ചെറിയ വ്യത്യാസത്തിൽ പിന്നിലായതിനാൽ അവർ തെരഞ്ഞെടുപ്പ് കമ്മീഷനെ ഫലം പ്രഖ്യാപിക്കാൻ അനുവദിച്ചില്ല. സമയം പാഴാക്കാതെ യൂനുസ് യു.എസിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ഐക്യരാഷ്ട്രസഭയിലെയും സർക്കാറുകളിലെ സുഹൃത്തുക്കളെ വിളിച്ചു സാഹചര്യത്തി​ന്‍റെ ഗൗരവം അറിയിച്ചു. താമസിയാതെ ഈ രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും ഇടക്കാല സർക്കാറിനുമേൽ സമ്മർദ്ദമുണ്ടാവുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊക്കെ മുൻ നിർത്തി നിലവിലെ പരീക്ഷണഘട്ടത്തിൽ യൂനുസി​ന്‍റെ ആഗോള വ്യാപ്തി ബംഗ്ലാദേശിന് മുതൽക്കൂട്ടായിരിക്കുമെന്നാണ് മുൻ വിദേശകാര്യ സെക്രട്ടറിയുടെ നിരീക്ഷണം.

എന്നാൽ, ഇതിൽ നിന്ന് ഭിന്നമായ കാഴ്ചപ്പാടുകളും ഉയരുന്നുണ്ട്. സായുധ സേനക്കും ധാരാളം ഇടമുള്ള ഒരു ഇടക്കാല ഗവൺമെന്‍റിനെ നയിക്കുമ്പോഴുള്ള പിടിവലികളും സമ്മർദങ്ങളും കൈകാര്യം ചെയ്യുന്നത് യൂനുസിന് ബുദ്ധിമുട്ടായേക്കുമെന്നാണ് അതി​ലെ പ്രബല വാദം. സ്വയംകേന്ദ്രിത വ്യക്തിയാണ​ദ്ദേഹമെന്നും ഗ്രാമീൺ ബാങ്കിൽ ഒപ്പം പ്രവർത്തിച്ചവർക്ക് അത് നന്നായി അറിയാമെന്നും വ്യത്യസ്‌ത വീക്ഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം അദ്ദേഹത്തിനില്ലെന്നും നേരത്തെ ഒന്നിച്ചു പ്രവർത്തിച്ച ഒരാൾ പറയുന്നു.

‘പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളുമായി ഹോട്ടലുകളിൽ ചുറ്റിക്കറങ്ങുന്നതിൽനിന്നും പാവപ്പെട്ട സ്ത്രീകൾക്ക് വായ്പകൾ നൽകുന്ന ലാഭകരമായ ധനകാര്യ സ്ഥാപനം നടത്തുന്നതിൽനിന്നും വ്യത്യസ്തമാണ് കൗശലക്കാരായ രാഷ്ട്രീയക്കാരുമായും സൈനിക ജനറലുകളുമായും മതനേതാക്കളുമായും ചർച്ചകൾ നടത്തി രാജ്യത്തെ നയിക്കുക എന്നത്. സൈന്യവുമായി ഇടപഴകുന്നത് അദ്ദേഹത്തിന് താൽപര്യമുള്ള സംഗതിയല്ലാത്തതിനാൽ അക്കാര്യം അദ്ദേഹത്തിന് എളുപ്പമാവില്ലെന്ന വിമർശനവും മറ്റൊരാൾ ഉയർത്തി.

ഭരണമാറ്റത്തിൽ യു.എസിന് പങ്കുണ്ടെന്ന ധാക്കയിലെ മുറുമുറുപ്പുകൾക്കിടയിൽ അമേരിക്കൻ സ്ഥാപനത്തി​ന്‍റെ പ്രിയങ്കരനായി അറിയപ്പെടുന്ന യൂനുസിനെക്കുറിച്ച് പല കേന്ദ്രങ്ങളും ജാഗ്രത പാലിക്കുന്നുമുണ്ട്. എന്തുതന്നെ ആയാലും അദ്ദേഹത്തി​ന്‍റെ രാഷ്ട്രീയ നായകത്വം സംഘർഷഭരിതവും അരക്ഷിതവുമായ ബംഗ്ലാദേശിനെ എവ്വിധം മാറ്റുമെന്ന് ഉറ്റുനോക്കുകയാണ് ലോകമി​പ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad YunusBangladesh PMGrameen bankBangladesh crisis'Poor man's banker'
News Summary - 'Poor man's banker' to lead; Will this be the new dawn of Bangladesh?
Next Story