ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
text_fieldsവത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയെ നയിച്ച എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ (95) അന്തരിച്ചു. പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റർ എക്സീസിയ മൊണാസ്ട്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബനഡിക്ട് പതിനാറാമന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാൻ ന്യൂസ് അറിയിച്ചു.
ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പയാണ്, തന്റെ മുൻഗാമിയായ ബനഡിക്ട് 16-ാമന്റെ ആരോഗ്യനില ആശങ്കജനകമാണെന്ന് അറിയിച്ചത്. വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ കഴിയുന്ന പോപ് എമിരിറ്റസിനെ സന്ദർശിച്ച മാർപാപ്പ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ ബനഡിക്ട് 16-ാമന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം തന്റെ മുറിയിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.
കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ മാർപാപ്പയായിരുന്നു അദ്ദേഹം. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ 78 വയസായിരുന്നു. എട്ട് വർഷം ആഗോള കത്തോലിക്കാ സഭയെ ബനഡിക്ട് പതിനാറാമൻ നയിച്ചു. 1294-ൽ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ മുതൽ ആറു നൂറ്റാണ്ടിനിടെ പദവിയിലിരിക്കെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ് ബനഡിക്ട് പതിനാറാമൻ. 1415ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞിരുന്നു.
2005ലാണ് ജർമൻ പൗരനായ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന പേരിൽ മാർപാപ്പയായത്. ആഗോള കത്തോലിക്കാ സഭയുടെ 265ാമത്തെ മാർപാപ്പയായിരുന്നു അദ്ദേഹം. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് ബനഡിക്ട് പതിനാറാമൻ സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് 'പോപ് എമിരിറ്റസ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വിരമിക്കലിനു ശേഷം വത്തിക്കാനിലെ ആശ്രമത്തിൽ ഏകാന്തവാസത്തിലായിരുന്നു അദ്ദേഹം.
1927 ഏപ്രിൽ 16ന് ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക് തലിലായിരുന്നു ബനഡിക്ട് പതിനാറാമന്റെ ജനനം. പൊലീസ് ഓഫീസർ ജോസഫ് റാറ്റ്സിങ്ങർ സീനിയറുടെയും മരിയയുടെയും മൂന്നാമത്തെ മകനാണ് ജോസഫ് റാറ്റ്സിങ്ങർ. 14 വയസ് ഉള്ളപ്പോൾ 1941-ൽ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും പ്രവർത്തനം സജീവമായിയിരുന്നില്ല.
1945ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്ക സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29ന് വൈദികനായി. 1977ൽ മ്യൂണിക്കിലെ ആർച്ച് ബിഷപ്പ് പദവിയിലെത്തി. 1980ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല വഹിച്ചു.
1981 നവംബർ 25ന് ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെയാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് ആഗോള കത്തോലിക്കാ സഭ മാർപാപ്പയായി. പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് ബനഡിക്ട് പതിനാറാമൻ സ്ഥാനമൊഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.