കമലയേയും ട്രംപിനേയും വിമർശിച്ച് മാർപാപ്പ; 'രണ്ട് തിന്മകളിൽ ചെറുത് തെരഞ്ഞെടുക്കുക'
text_fieldsവത്തിക്കാൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ഡൊണൾഡ് ട്രംപിനേയും കമല ഹാരിസിനേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. രണ്ട് തിന്മകളിൽ ഏറ്റവും ചെറുതിനെ തെരഞ്ഞെടുക്കണമെന്ന് മാർപാപ്പ ജനങ്ങളോട് ആഹ്വാനം ചെയ്തു. രണ്ട് പേരുടെയും നടപടികൾ ജീവനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളിലും കമല ഹാരിസിന്റെ ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന നിലപാടിലുമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിമർശനം.
രണ്ട് പേരിൽ ഏതാണ് ഏറ്റവും ചെറിയ തിന്മയെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. കമലയോ ട്രംപോ?. അതാരാണെന്ന് തനിക്ക് അറിയില്ല. മനസാക്ഷിയുള്ള എല്ലാവരും ഇത് ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. കത്തോലിക്ക സഭ പഠിപ്പിച്ചിരിക്കുന്നത് ഗർഭഛിദ്രം നടത്തുമ്പോൾ ഒരു ജീവനെ ഇല്ലാതാക്കുകയാണെന്നാണ്. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതും ഗൗരവമായ പ്രശ്നമാണ്.
നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തേക്ക് കുടിയേറ്റക്കാരെ നിർദയം മാറ്റാമെന്ന് പറയുന്നത് ദാരുണമായ കാര്യമാണ്. അതിൽ ഒരു തിന്മയുണ്ട്. അമ്മയുടെ ഉദരത്തിൽ തന്നെ ഒരു കുട്ടിയെ കൊല്ലുന്നതും ഇതുപോലെ പാതകമാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ് ഇതിന് മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഗർഭഛിദ്രം നടത്തിയവർക്ക് മാപ്പ് നൽകാൻ പുരോഹിതരെ അനുവദിക്കുക, സ്വവർഗവിവാഹത്തിന് അനുഗ്രഹം നൽകാനുള്ള അനുമതി, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ എന്നീ നിലപാടുകളിലൂടെയെല്ലാമാണ് ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധേയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.