ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ...
text_fieldsവത്തിക്കാൻ സിറ്റി: മാനവികതയുടെ ശബ്ദത്താൽ സർവരെയും ഹൃദയത്തോട് ചേർത്തുനിർത്തിയ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. 88 വയസ്സായിരുന്നു. വത്തിക്കാനിലെ വസതിയിൽ തിങ്കളാഴ്ച പ്രാദേശിക സമയം 7.35നായിരുന്നു (ഇന്ത്യൻ സമയം 11.05) അന്ത്യം.
യുദ്ധങ്ങളോടുള്ള എതിർപ്പ്, അഭയാർഥികളോടും ന്യൂനപക്ഷങ്ങളോടും നിരാലംബരോടുമുള്ള അനുഭാവം തുടങ്ങിയ മൂല്യങ്ങളിലൂടെ ലോകത്തിന്റെ ആദരവ് നേടിയ പാപ്പ ലളിതജീവിതം പിന്തുടർന്നു. വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലായിരുന്നു താമസം.
വിശ്വാസികൾക്ക് അന്ത്യോപചാരമർപ്പിക്കാൻ മാർപാപ്പയുടെ ഭൗതികശരീരം ബുധനാഴ്ചയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിച്ചേക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. ഔദ്യോഗിക തീരുമാനം ഇന്ന് കർദിനാൾമാരുടെ യോഗത്തിലുണ്ടാകും.
ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ച വത്തിക്കാനിൽ പുറത്തെ കുർബാനക്കും നേതൃത്വം നൽകി. അപ്പോഴൊക്കെയും ശ്വസന പ്രശ്നങ്ങൾ വലച്ചതിനാൽ തന്റെ പ്രസംഗം ഉറക്കെ വായിക്കാൻ സഹായിയെ ഏൽപിച്ചു.
Pope Francis died on Easter Monday, April 21, 2025, at the age of 88 at his residence in the Vatican's Casa Santa Marta. pic.twitter.com/jUIkbplVi2
— Vatican News (@VaticanNews) April 21, 2025
ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഈസ്റ്ററിന് പാപ്പ അൽപസമയം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു. ഗസ്സയിൽ വെടിനിർത്തണമെന്ന് അവസാന അനുഗ്രഹ പ്രഭാഷണത്തിലും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂമോണിയ ബാധിച്ച് 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം മാർച്ച് 23നാണ് തിരിച്ചെത്തിയത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.
ആഡംബരം ഉപേക്ഷിച്ച് ദാരിദ്ര്യത്തിൽ ജീവിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ് സ്ഥാനപ്പേരായി അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കസഭയുടെ 266ാമത്തെ മാർപാപ്പയും ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ പാപ്പയുമാണ്. ഈശോസഭയിൽ (ജെസ്യൂട്ട്)നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിത്വവുമാണ് പോപ് ഫ്രാൻസിസ്.
സഭയിലും പുറത്തും നവീകരണത്തിന്റെ വക്താവ്
1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ കർദിനാളായി. സഭയിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിന് മുൻകൈയെടുത്ത അദ്ദേഹം ലൈംഗിക ന്യൂനപക്ഷങ്ങളുടെയടക്കം അവകാശങ്ങൾക്കായി ശബ്ദിച്ചു. സ്വവർഗ ലൈംഗികക്കാരെ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു.
ഫലസ്തീനിന്റെ അവകാശങ്ങൾക്കായി വാദിച്ച അദ്ദേഹം ഇസ്രായേലിന്റെ ഗസ്സയിലെ ക്രൂരതകളെ രൂക്ഷമായി വിമർശിച്ചു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെയാണോ കമല ഹാരിസിനെയാണോ പിന്തുണക്കേണ്ടത് എന്ന ചോദ്യത്തിന്, രണ്ട് തിന്മകളിൽ ചെറുത് സ്വീകരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.