'എല്ലാവർക്കും നന്ദി'; മാർപാപ്പ ആശുപത്രി വിട്ടു, ഇനി രണ്ട് മാസം വിശ്രമം
text_fieldsവത്തിക്കാൻ സിറ്റി: ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും കാരണം ഒരു മാസത്തിലേറെയായി ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്ത മാർത്തയിലേക്ക് അദ്ദേഹം മടങ്ങി.
അഞ്ച് ആഴ്ചയ്ക്കുശേഷം ആദ്യമായി അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയതു. ഉച്ചകഴിഞ്ഞ് ആശുപത്രി വിടുന്നതിനുമുമ്പ് റോമിലെ ജെമെല്ലി ആശുപത്രിയിലെ ബാൽക്കണിയിൽ നിന്ന് കൈവീശി. അവിടെ തടിച്ചുകൂടിയ വിശ്വാസികളോട് "എല്ലാവർക്കും നന്ദി" മാത്രം പറഞ്ഞ് മടങ്ങി.
ആരോഗ്യനില പൂർണമായും വീണ്ടെടുക്കാൻ രണ്ട് മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ മാർപാപ്പക്ക് നിർദേശം നൽകി. പ്രത്യേക പരിചരണം ആവശ്യമാണെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശിച്ചതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുടെ ടീമിന്റെ തലവൻ സെർജിയോ ആൽഫിയരി പറഞ്ഞു. ന്യൂമോണിയ ഭേദമായിട്ടുണ്ടെങ്കിലും സങ്കീർണമായ അണുബാധയിൽനിന്ന പൂർണമായും മുക്തനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർപാപ്പയുടെ ശബ്ദം മുമ്പത്തെപ്പോലെയാകാൻ സമയമെടുക്കുമെന്നും ആൽഫിയറി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 88 കാരനായ മാർപാപ്പ. ഇരട്ട ന്യൂമോണിയ ബാധിച്ച അദ്ദേഹം ഗുരുതരാവസ്ഥയിൽനിന്നാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതേസമയം, അഞ്ച് ആഴ്ചകൾക്ക് ശേഷം ആശുപത്രി വിടുന്നതിന് മുമ്പ് മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചു. ജെമെലി ആശുപത്രിയുടെ പത്താം നിലയിലെ ജനാലയിലൂടെയാണ് അദ്ദേഹം വിശ്വാസികളെ അനുഗ്രഹിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.