രണ്ട് മാസം കൂടി വിശ്രമം വേണം; ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും
text_fieldsഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ശ്വാസകോശ അണുബാധയെ തുടർന്ന് ഒരുമാസത്തിലേറെയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും. മാർപാപ്പ ഇന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തേക്കും. ആശുപത്രിയിലെ ജനാല വഴിയാണ് അദ്ദേഹം വിശ്വാസികളെ കാണുക. ആശുപത്രി ചാപ്പലിൽ അദ്ദേഹം പ്രാർഥിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വത്തിക്കാൻ പുറത്തുവിട്ടിരുന്നു.
ഇരട്ട ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുകയാണ് 88കാരനായ മാർപാപ്പ. അതേസമയം, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്താലും അദ്ദേഹത്തിന് രണ്ടുമാസത്തെ വിശ്രമം കൂടി വേണ്ടിവരുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ആശുപത്രി വിടുന്നതോടെ ഞായറാഴ്ച അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും.
വിശ്രമം നിർദേശിച്ചിരിക്കുകയായതിനാൽ മറ്റുള്ളവരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിനും ദൈർഘ്യമേറിയ യോഗങ്ങൾ നടത്തുന്നതിനും ഡോക്ടർമാരുടെ വിലക്കുണ്ട്.
''അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് മാസത്തെയെങ്കിലും വിശ്രമം അത്യാവശ്യമാണ്. പോപ്പിന് ഇപ്പോൾ ന്യൂമോണിയ ഇല്ല. എന്നാൽ അണുബാധയിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധയുമായി വളരെക്കാലം മല്ലിട്ട അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ടാകും. അദ്ദേഹത്തിന്റെ ശബ്ദം മുമ്പത്തെ പോലെയാകാൻ സമയമെടുക്കും. മരുന്നും തുടരണം. എങ്കിലും വീട്ടിലെത്താൻ കഴിയുമെന്ന വലിയ ആശ്വാസത്തിലാണ് അദ്ദേഹം.''-മാർപ്പാപ്പയുടെ മെഡിക്കൽ സംഘത്തിന്റെ തലവൻ സെർജിയോ അൽഫിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.