മാർപാപ്പ സുഖം പ്രാപിക്കുന്നു
text_fieldsവത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായും വിശ്രമം തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു. ഞായറാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അദ്ദേഹത്തെ സന്ദർശിച്ചു.
പൊതുസമ്പർക്കം ഒഴിവാക്കിയതിനാൽ പ്രതിവാര പ്രാർഥന ചടങ്ങുകളിൽ മാർപാപ്പയുടെ സന്ദേശം വായിച്ചുകേൾപ്പിച്ചു. ഡോക്ടർമാർക്കും പ്രാർഥനകളിൽ ഉൾപ്പെടുത്തിയവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
യുക്രെയ്ൻ അടക്കമുള്ള സംഘർഷ മേഖലകളിൽ സമാധാനത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സം കാരണം ശനിയാഴ്ച മാർപാപ്പയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. മാർപാപ്പ പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. 88കാരനായ മാർപാപ്പയെ ഫെബ്രുവരി 14നാണ് ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.