ബ്രസീലിൽ വിമാനത്താവളത്തിലെ സ്ക്രീനുകൾ ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു
text_fieldsബ്രസീലിയ: ബ്രസീലിൽ വിമാനത്താവളത്തിലെ ഇലക്ട്രോണിക് പ്രദർശന ബോർഡുകൾ ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റിയോ ഡി ജനീറോയിലെ സാന്റോസ് ഡുമോണ്ട് വിമാനത്താവളത്തിലാണ് സംഭവം. പരസ്യങ്ങൾക്കും വിമാന യാത്ര വിവരങ്ങൾക്കും പകരം അസ്ലീല ദൃശ്യങ്ങൾ കാണിക്കാൻ തുടങ്ങിയതോടെ യാത്രക്കാരും ഞെട്ടലിലായി. തുടർന്ന് ഹാക്ക് ചെയ്ത സ്‌ക്രീനുകൾ അധികൃതർ ഓഫ് ചെയ്തു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. വിമാനത്താവളത്തിലെ സ്‌ക്രീനുകളിൽ ദൃശ്യങ്ങൾ വന്നതോടെ ചില യാത്രക്കാർ ചിരിക്കുന്നതും മറ്റുള്ളവർ അവരുടെ കുട്ടികളിൽ നിന്ന് അവ മറക്കുന്നതായും സമൂഹമാധ്യമങ്ങളിലെ വീഡിയോയിലുണ്ട്. സ്‌ക്രീനുകൾ ഹാക്ക് ചെയ്യപ്പെട്ടതായി രാജ്യത്തെ വ്യോമയാന അതോറിറ്റിയായ ഇൻഫ്രാറോ പറഞ്ഞു. വിമാനത്താവളത്തിന്റെ വിവര സേവനങ്ങൾ മറ്റൊരു കമ്പനി ചോർത്തിയതായും സംഭവം ഫെഡറൽ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഇൻഫ്രാറോ കൂട്ടിച്ചേർത്തു.
റിയോ ഡി ജനീറോയിലെ ഗെയ്‌ലോ ഇന്റർനാഷണൽ എയർപോർട്ടിന് ശേഷം രണ്ടാമത്തെ വലിയ വിമാനത്താവളമാണ് സാന്റോസ് ഡുമോണ്ട്. ബ്രസീലിയൻ ഏവിയേഷന്‍റെ സ്ഥാപകരിൽ പ്രമുഖനായ ആൽബർട്ടോ സാന്റോസ് ഡുമോണ്ടിന്റെ പേരിലുള്ള വിമാനത്താവളം പൊതു, സൈനിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
2017 ഏപ്രിൽ ഒമ്പതിന് ഡൽഹി മെട്രോയുടെ തിരക്കേറിയ രാജീവ് ചൗക്ക് സ്‌റ്റേഷനിൽ സമാനമായ സംഭവം നടന്നിരുന്നു. 10 മിനിറ്റോളം എൽ.ഇ.ഡി സ്‌ക്രീനിൽ ഇത്തരത്തിലുള്ള ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. തുടർന്ന്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സംഭവത്തിൽ അന്വേഷണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.