ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നതിന് കമ്പനി ഉടമകളെ വിലക്കി ഈ രാജ്യം
text_fieldsലിസ്ബൺ: ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് തൊഴിലുടമ മെസേജ്, ഇമെയിൽ എന്നിവ അയക്കുന്നത് വിലക്കി പോർച്ചുഗൽ. പുതിയ തൊഴിൽ നിയമങ്ങളുടെ ഭാഗമായാണ് പരിഷ്കാരം. ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ തൊഴിലാളികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
10 തൊഴിലാളികളിൽ കൂടുതലുള്ള കമ്പനികൾ അവരുടെ ജോലി സമയത്തിന് ശേഷം ജീവനക്കാരുമായി ബന്ധപ്പെടരുതെന്നാണ് പുതിയ ചട്ടം. കുട്ടികളുള്ള രക്ഷിതാക്കൾക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം സംബന്ധിച്ചും പുതിയ നിയമത്തിൽ പരാമർശമുണ്ട്.
എട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാർക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നാണ് നിയമത്തിൽ പറയുന്നത്. മക്കൾക്ക് എട്ട് വയസ് ആകുന്നത് വരെ ഇത്തരത്തിൽ ജോലി തുടരാം. അതേസമയം, ജോലിയുമായി ബന്ധപ്പെട്ട മുഴുവൻ ഉപകരണങ്ങളും ഓഫ് ആക്കാൻ ജീവനക്കാർക്ക് അനുമതി നൽകുന്ന പുതിയ തൊഴിൽ നിയമത്തിലെ വ്യവസ്ഥക്കെതിരെ പോർച്ചുഗൽ പാർലമെന്‍റ് അംഗങ്ങൾ എതിർപ്പുയർത്തിയിട്ടുണ്ട്.
പോർച്ചുഗലിലേക്ക് കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും തൊഴിൽമന്ത്രി അന്ന മെൻഡിസ് ഗോദിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.