ഇസ്രായേലിന്‍റെ നുണപ്രചാരണം പൊളിച്ച് യഹ്‍യ സിൻവാറിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
text_fieldsഗസ്സ സിറ്റി / തെൽ അവീവ്: ‘ഹമാസ്’ തലവന്‍ യഹ്യ സിന്‍വാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇസ്രായേലിന്‍റെ നുണപ്രചാരണങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ യഹ്‌യ സിന്‍വാർ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന വിവരമാണ് പുറത്തുവന്നത്. ഇതോടെ, ഗസ്സയിലെത്തുന്ന സഹായങ്ങളും ഭക്ഷണവുമെല്ലാം ഹമാസ് കൈക്കലാക്കുകയാണെന്ന ഇസ്രായേലിന്‍റെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. ഗസ്സക്കാർ കടുത്ത പട്ടിണിയിലാണെങ്കിലും ഹമാസ് നേതാവ് സിൻവാർ ഭൂഗർഭ അറിയിൽ സുഖ ജീവിതം നയിക്കുകയാണെന്ന് ഇസ്രായേൽ പ്രചരിപ്പിച്ചിരുന്നു.
മാത്രമല്ല, ഗസ്സ ജനത നേരിടുന്ന പട്ടിണിയുടെ ആഴം വ്യക്തമാക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരിക്കുന്നതിന് 72 മണിക്കൂർ മുമ്പ് വരെ സിൻവാർ ഒന്നും കഴിച്ചിരുന്നില്ലെന്ന വിവരം ഇസ്രായേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കുഗേലാണ് വെളിപ്പെടുത്തിയത്.
നേരത്തെ, ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയപ്പോൾ കുടുംബത്തെയും കൂട്ടി സിൻവാർ രക്ഷപ്പെട്ടെന്ന നുണപ്രചാരണം ഇസ്രായേൽ നടത്തിയിരുന്നു. എന്നാൽ, ഗസ്സയിൽ വെച്ച് തന്നെ ഇസ്രായേൽ സൈന്യവുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് സിൻവാർ കൊല്ലപ്പെട്ടത്.
അതേസമയം, സിൻവാറിന്‍റെ മൃതദേഹം ഇസ്രായേൽ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകുകയോ ഗസ്സയിലേക്ക് തിരിച്ചെത്തിക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.