അഫ്ഗാനിൽ മന്ത്രിവസതിക്കു നേരെ ബോംബാക്രമണം; കാബൂളിൽ സ്ഫോടന പരമ്പര
text_fieldsകാബൂൾ: അഫ്ഗാൻ പ്രതിരോധമന്ത്രിയെ ലക്ഷ്യമിട്ട് താലിബാൻ നടത്തിയ കാർബോംബാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതി സുരക്ഷമേഖലയായ ഗ്രീൻസോണിൽ പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാൻ മുഹമ്മദിയുടെ വസതിക്കു നേരെയായിരുന്നു ചൊവ്വാഴ്ച രാത്രി ആക്രമണം. തുടർന്ന് സുരക്ഷസേന നടത്തിയ വെടിവെപ്പിൽ നാല് ആക്രമികൾ കൊല്ലപ്പെട്ടു.
അഞ്ചുമണിക്കൂറോളം സുരക്ഷസേന നടത്തിയ വെടിവെപ്പിലാണ് ആക്രമികളെ കൊലപ്പെടുത്തിയത്. സംഭവസമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽനിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. കാന്തഹാറിലെ മുന്നേറ്റത്തിനു പിന്നാലെ കാബൂളും പിടിച്ചെടുക്കാനാണ് താലിബാൻ നീക്കം. അഫ്ഗാൻ സൈന്യം താലിബാനുനേരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയാണിതെന്നും സബിഹുല്ല വ്യക്തമാക്കി. നിരവധി ഉന്നതതല ഉദ്യോഗസ്ഥരുടെ വസതികൾ ഗ്രീൻസോണിലാണ്. ആക്രമണത്തെ തുടർന്ന് ഗ്രീൻസോണിൽനിന്ന് നൂറുകണക്കിനാളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇതിനുശേഷം കാബൂൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഫോടന പരമ്പരയുണ്ടായി. 10 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
മണിക്കൂറുകൾക്കകം സുരക്ഷ ഏജൻസിയുടെ കവാടത്തിലും സ്ഫോടനം നടന്നു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അഫ്ഗാനിൽ താലിബാൻ ആക്രമണം ശക്തിപ്രാപിക്കുകയാണ്. രാജ്യത്തുനിന്ന് യു.എസ് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭരണം പിടിച്ചെടുക്കാൻ താലിബാൻ ആക്രമണം ശക്തമാക്കിയത്.
ഇന്ത്യയുടെ പങ്കാളിത്തത്തോടെ നിർമിച്ച സൽമ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ശക്തമായ തിരിച്ചടിയെ തുടർന്ന് താലിബാൻ മേഖല വിട്ടതായും സൈന്യം അറിയിച്ചു. ഹെറാത് പ്രവിശ്യയിലെ ചെഷ്തെ ശരീഫ് ജില്ലയിലാണ് സൽമ അണക്കെട്ട്. പ്രവിശ്യയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വെള്ളവും വൈദ്യുതിയും ലഭിക്കുന്നത് ഈ അണക്കെട്ടിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.