പ്രവാസികൾ രാജ്യത്തിന്‍റെ അനൗദ്യോഗിക അംബാസിഡർമാർ -സാദിഖലി തങ്ങൾ
text_fieldsടോക്യോ (ജപ്പാൻ): രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്നും പ്രവാസികൾ എല്ലായ്പ്പോഴും രാജ്യത്തിന്റെ യശസ്സുയർത്തിപിടിക്കുന്ന അനൗദ്യോഗിക അംബാസഡർമാരാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജപ്പാനിലെ ടോക്യോയിൽ നടന്ന കമ്മ്യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു ചുറ്റുപാടിലും നമ്മുടെ സംസ്കാരം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് അഭിമാനം കൊള്ളുന്ന പ്രവാസികൾ നമ്മുടെ നാടിന്റെ സാമ്പത്തിക വളർച്ചയിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും അത് ശക്തിപ്പെടുത്താൻ ടോക്യോ മലയാളി സംഘടനകൾക്കാവണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
നിഹോൺ കൈരളി അസോസിയേഷനും വേൾഡ് മലയാളി ഫെഡറേഷനും സംയുക്തമായാണ് ടോക്യോ അറ്റാഗോ മോരി ടവറിൽ മലയാളി പ്രവാസികളുടെ കമ്മ്യുണിറ്റി മീറ്റ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് രാജ്യസഭാഗം അഡ്വ ഹാരിസ് ബീരാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവാസി വോട്ടവകാശം, വിമാന യാത്രനിരക്കിലെ വർദ്ധനവ് തുടങ്ങിയ പ്രവാസി വിഷയങ്ങളിൽ പാർലമെന്‍റിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
നിഹോൺ കൈരളി അസോസിയേഷൻ പ്രസിഡന്‍റ് പ്രഫസർ ശക്തികുമാർ അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി ഫെഡറഷൻ ജപ്പാൻ ഘടകം പ്രസിഡന്‍റ് അനിൽരാജ് മുഖ്യഥിതിയായിരുന്നു. ഡോ. ആനന്ദും പ്രഭാഷണം നിർവഹിച്ചു.
ജപ്പാനിലെ പ്രവാസി മലയാളി സംഘടനകളുടെ പ്രത്യേക ക്ഷണ പ്രകാരമാണ് സാദിഖലി തങ്ങളുടെ ടോക്യോ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.