ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം; അനുര ദിസ നായകെയുടെ പാർട്ടിക്ക് വൻ ഭൂരിപക്ഷം
text_fieldsകൊളംബോ: പാർലമെന്റ് തെരഞ്ഞെടുപ്പിലും ശ്രീലങ്കയിൽ ഇടതുതരംഗം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ(എൻ.പി.പി)123 സീറ്റുകൾ നേടി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 107 സീറ്റുകൾ മതി. അന്തിമഫലം പുറത്തുവന്നിട്ടില്ല. എൻ.പി.പിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ദിസനായകെ പ്രതികരിച്ചു. ''ഈ തെരഞ്ഞെടുപ്പ് ശ്രീലങ്കക്ക് നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ എൻ.പി.പിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു.''-ദിസനായകെ പറഞ്ഞു. അഴിമതി നിറഞ്ഞ രാഷ്ട്രീയം തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ദിസനായകെ അധികാരത്തിലേറിയത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ പോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ രോഗംബാധിച്ച് മരിച്ച സംഭവമുണ്ട്. 70 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണിത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്ക് കുതിക്കുന്നത്. 35 സീറ്റുകളിൽ നാഷനൽ പീപ്ൾസ് പവർ വിജയം ഉറപ്പിച്ചു. റനിൽ വിക്രമസിംഗെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിലെ എസ്.ജെ.ബി 18 ശതമാനം വോട്ടുകൾ നേടി. എൻ.ഡി.എഫിന് അഞ്ചുശതമാനത്തിൽ താഴെ വോട്ടുകളാണ് ലഭിച്ചിട്ടുണ്ട്.
25 വർഷത്തോളം എം.പിയായിരുന്നു ദിസനായകെ. കുറച്ചുകാലം കൃഷിമന്ത്രിയുമായി. എന്നാൽ അദ്ദേഹത്തിന്റെ എൻ.പി.പി സഖ്യത്തിന് കഴിഞ്ഞ സർക്കാറിൽ വെറും മൂന്നു സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിൽ താറുമാറായ ശ്രീലങ്ക പതുക്കെ കരകയറുകയാണ്. മാസങ്ങളോളം മരുന്നും ഇന്ധനവും ഭക്ഷണങ്ങളുമില്ലാതെ ശ്രീലങ്കൻ ജനത വലഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.