സിവിലിയൻ വേഷത്തിൽ പോലും ഇന്ത്യൻ സൈന്യം മാലിദ്വീപിൽ ഉണ്ടാകരുതെന്ന് പ്രസിഡന്റ് മുയിസു
text_fieldsമാലെ: മേയ് 10ന് ശേഷം സിവിലിയൻ വേഷത്തിൽ പോലും ഇന്ത്യൻ സൈന്യം തന്റെ രാജ്യത്ത് ഉണ്ടാകരുതെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഫെബ്രുവരി രണ്ടിന് ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ മാലിദ്വീപിൽനിന്ന് ഇന്ത്യൻ സൈനികരെ മാർച്ച് 10നുള്ളിൽ പിൻവലിക്കുമെന്ന് ഇരു രാജ്യങ്ങളും കരാറിലെത്തിയിരുന്നു. ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിൽ തന്റെ സർക്കാർ നേടിയ വിജയത്തെത്തുടർന്ന് തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നതായും ആളുകൾ സാഹചര്യം വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ തുടർന്നു പോരുന്ന ചൈന അനുകൂല നേതാവായി പരക്കെ കണക്കാക്കപ്പെടുന്ന മാലിദ്വീപ് പ്രസിഡന്റാണ് മുഹമ്മദ് മുയിസു. മേയ് 10ന് ശേഷം എന്റെ രാജ്യത്ത് ഇന്ത്യൻ സൈനികരുണ്ടാകില്ല. യൂണിഫോമിലും സിവിലിയൻ വസ്ത്രത്തിലും. താൻ ഇത് ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലിദ്വീപിലെ മൂന്ന് വ്യോമയാന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സൈനികരെ മെയ് 10നകം ഇന്ത്യ മാറ്റുമെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
മാർച്ച് 10നകം പിന്മാറ്റം പൂർത്തിയാക്കും. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും ഉപയോഗിച്ച് മാലിദ്വീപിലെ ജനങ്ങൾക്ക് മെഡിക്കൽ ഒഴിപ്പിക്കൽ സേവനങ്ങളും നൽകുന്ന മൂന്ന് ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളിൽ 88 സൈനികരാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷമാണ് മുയിസു അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് ഇന്ത്യയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.